കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും അടുക്കള ഭാഗത്താണ് ഭക്ഷണം കൊടുക്കാറുള്ളത് എന്ന നിഖില വിമലിന്റെ പ്രസ്താവന ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും കൊണ്ടുള്ള കമന്റുകളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
‘കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്നവരാണ് മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്’ എന്നാണ് ആക്ടിവിസ്റ്റും ഗാനരചയിതാവുമായ മൃദുലദേവി നിഖിലയെ വിമര്‍ശിച്ച് പോസ്റ്റ് പങ്കുവെച്ചത്. അഡ്വക്കേറ്റും നടനുമായ ഷുക്കൂര്‍ നിഖിലയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. നടിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അസഭ്യവാക്കുകളോടെയാണ് കമന്റുകള്‍ നിറയുന്നത്.
”നിഖിലയുടെ ഒരു അഭിപ്രായം കണ്ടു, കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ കല്യാണവീട്ടിലെ ഇരിപ്പിടത്തെ കുറിച്ച്. മറുപടി തരാന്‍ ഇവിടം ഉപയോഗിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. നിഖിലയുടെ തറവാട്ടിലെ സ്ത്രീകള്‍ വാതുക്കലെ കോലായില്‍ കാലിന്മേല്‍ കാല് കേറ്റി ഇരിക്കാറുണ്ടായിരുന്നോ? നിഖിലയുടെ അച്ഛനും മുത്തച്ഛനും ഒക്കെ ഇരുന്നപോലെ. ഇല്ലല്ലോ?”
”ആ ഒരു വ്യത്യാസം മുസ്ലിം കല്യാണങ്ങളിലും ഉണ്ടെന്ന് കരുതിയാല്‍ മതി. ഈ ഫാസിസ്റ്റ് കാലത്തെ ഉയര്‍ന്ന ജനാധിപത്യ ബോധമുള്ള യുവ നായികയ്ക്ക് ഇതിലും കടുത്ത ഉദാഹരണങ്ങളോടെ മറുപടി തരാന്‍ വയ്യാത്തോണ്ടാ ഇത്ര ലളിതമായി പറഞ്ഞ് തന്നത്” എന്നിങ്ങനെയാണ് ചില കമന്റുകള്‍.
എന്നാല്‍ നിഖില പറഞ്ഞ വിഷയം എടുത്ത് മുസ്ലിം വിഭാഗത്തെ കളിയാക്കി കൊണ്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. അതേസമയം, ‘അയല്‍വാശി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് നിഖില കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെ കുറിച്ച് പറഞ്ഞത്.