തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന വൈശാഖ്- മമ്മൂട്ടി ചിത്രം ‘ടർബോ’ കളക്ഷനിലും മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വേൾഡ് വൈഡ് കളക്ഷനായി 70 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോടർട്ട് ചെയ്യുന്നത്.
അതേസമയം ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സോണി ലിവ് സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടിക്കമ്പനിയുടെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച തുകയാണ് ടർബോയ്ക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ ആണ്. സ്ട്രീമിംഗ് ആരംഭിക്കുന്നത് എന്നാണെന്ന വിവരം പുറത്തുവന്നിട്ടില്ല.
ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്. ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്.ടർബോ കൂടാതെ റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.