'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

സണ്ണി വെയ്ന്‍, ലുക്മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ടര്‍ക്കിഷ് തര്‍ക്കം’ തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നവംബര്‍ 22ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്.

നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മുസ്ലിം സമുദായത്തിന്റെ ഖബറടക്ക പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് സിനിമയുടെ പ്രമേയം.

ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറില്‍ മൂടപെട്ടൊരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. യുവാവിന്റെ മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ നടന്ന കാര്യങ്ങളാണ് ശേഷം കാണുന്നത്. അതുവരെ ആ യുവാവ് ആരായിരുന്നു എന്നുള്ളതല്ല, മരണത്തിന് ശേഷം ആ യുവാവ് ആരായി മാറുന്നു എന്ന രീതിയിലേക്കാണ് സിനിമ നീങ്ങുന്നത്.

ഖബറില്‍ മൂടപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ മറ്റുമനുഷ്യര്‍ക്ക് മുന്നില്‍ നമ്മള്‍ വെറും ജഡമാണ് എന്ന യഥാര്‍ഥ്യം ചിത്രം പറഞ്ഞുവയ്ക്കുകയാണ്. നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.