മോഹന്‍ലാല്‍ എന്ന താരത്തിന്റെ സെയ്ഫ് സോണ്‍ ആണ് ഫാമിലി ഴോണര്‍. തുടരും സിനിമയ്ക്കായി സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കാനുള്ള കാരണവും അതാണ്. ‘എമ്പുരാന്‍’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ആരാധകര്‍ ഇത്രയധികം വെയ്റ്റ് ചെയ്തിരിക്കുന്ന മറ്റൊരു സിനിമയില്ല. എന്നാല്‍ ഏപ്രില്‍ 25ന് റിലീസ് ചെയ്യുന്ന തുടരും സിനിമയ്ക്ക് മുന്നില്‍ ചെക്ക് വച്ച് ക്ലാഷ് റിലീസിന് ഒരുങ്ങുകയാണ് രണ്ട് കള്‍ട്ട് ക്ലാസിക് സിനിമകള്‍. മലയാളത്തില്‍ നിന്നും ജയന്റെ ശരപഞ്ജരം എത്തുമ്പോള്‍ തമിഴകത്ത് നിന്നും രജനികാന്തിന്റെ ബാഷയും റീ റിലീസ് ചെയ്യുകയാണ്.
എമ്പുരാന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ ചിത്രം ‘തുടരും’. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തും. എന്നാൽ തുടരുമിന് ക്ലാഷുമായി രണ്ട് സൂപ്പർ സ്റ്റാർ ചിത്രങ്ങളാണ് കൂടി വരുന്നുണ്ട്. രജനികാന്ത് നായകനായ ബാഷയും മലയാളത്തിലെ ആക്ഷൻ ഹീറോ ജയൻ നായകനായ ശരപഞ്ജരവുമാണ് തുടരുമിനൊപ്പം റീ റിലീസ് ചെയ്യാൻ പോകുന്നത്.
സിനിമാ മേഖലയിൽ റീ റിലീസ് ട്രെൻഡ് തുടങ്ങിയിട്ട് കുറച്ചു നാളുകളായി. 30 വർഷത്തിന് ശേഷം 4K ഡോൾബി അറ്റ്മോസിന്റെ സഹായത്തോടെ പുത്തൻ സാങ്കേതിക മികവോടെയാണ് ‘ബാഷ’ റീ റിലീസ് ചെയ്യുന്നത്. 1995 ജനുവരി 12 ന് റിലീസ് ചെയ്ത ചിത്രത്തിൽ നഗ്മ, രഘുവരൻ, ജനഗരാജു, ദേവൻ, ശശികുമാർ, വിജയകുമാർ, ആനന്ദ്‍രാജ്, ചരൺ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അൽഫോൺസ, ഹേമലത, ദളപതി ദിനേശ് തുടങ്ങി വൻ താരനിരയാണ് ഒന്നിച്ചത്.
46 വർഷങ്ങൾക്ക് ശേഷമാണ് ജയൻ നായകനായ ‘ശരപഞ്ജരം’ തിയേറ്ററുകളിൽ എത്തുന്നത്. 1979-ൽ ഹരിഹരന്റെ സംവിധാനത്തിലാണ് സിനിമ പുറത്തിറങ്ങിയത്. ചിത്രം ജയന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കുകയും ചെയ്തിരുന്നു. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രം കൂടിയായിരുന്നു ഇത്. മലയാറ്റൂർ രാമകൃഷ്ണൻറെ കഥയെ ആസ്പദമാക്കിയാണ് ഹരിഹരൻ സിനിമയുടെ രചന നിർവഹിച്ചത്.
ഷീല, ലത, സത്താർ, പി.കെ എബ്രഹാം, നെല്ലിക്കോട് ഭാസ്‍കരൻ, ബേബി സുമതി, പ്രിയ, കോട്ടയം ശാന്ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 30 ലക്ഷത്തോളം രൂപ ചെലവിട്ടാണ് സിനിമ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്നത് എന്നും ജയന്റെ മീൻ എന്ന സിനിമയും ദൃശ്യമികവോടെ വീണ്ടും ഇറക്കുമെന്നും വിതരണക്കാർ അറിയിച്ചിട്ടുണ്ട്.
ഒരു വടക്കൻ വീരഗാഥ, സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്തിരുന്നു. റീ റിലീസുകൾ തരംഗമാകുന്ന കാലത്ത് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രത്തിന് മുന്നിൽ ഈ രണ്ട് റീ റിലീസുകളും വേണ്ട രീതിയിൽ പ്രേക്ഷകർ ഏറ്റെടുക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
അതേസമയം, മോഹൻലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയ്ക്ക് പുറമേ ശോഭനയും മോഹൻലാലും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും കൂടി തുടരും സിനിമയ്ക്കുണ്ട്. ഫാമിലി ഡ്രാമ ഴോണറിലാണ് സിനിമ എത്തുന്നത്. ഡ്രൈവർ ഷണ്മുഖൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലളിത ഷണ്മുഖൻ എന്ന കഥാപാത്രമായി ശോഭനയുമെത്തും.
2009ൽ അമൽ നീരദ് സംവിധാനം ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’യിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2004ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാല’ത്തിലാണ് മോഹൻലാലും ശോഭനയും അവസാനമായി ജോഡികളായി വേഷമിട്ടത്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കെ.ആർ. സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദൃശ്യം പോലൊരു സിനിമയാണ് തുടരും എന്ന് മോഹൻലാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇനി റീ റിലീസ് അല്ല, മറ്റേതൊക്കെ സിനിമകള്‍ വന്നാലും തുടരും തിയേറ്ററില്‍ തളരില്ല എന്നൊരു ഉറപ്പ് തന്നെയാണിത്.