സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ഇളവ് നല്‍കണമെന്ന് ഉണ്ണി മുകുന്ദന്‍. നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നാണ് നടന്‍ ഇളവ് തേടിയത്. ഈ മാസം ഒമ്പതിനാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസിന്റെ സ്റ്റേ നീക്കിയത്.
വിവാദ അഭിഭാഷകന്‍ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസായിരുന്നു ഇത്. വിദേശ മലയാളിയായ സ്ത്രീ നടന്‍ ഉണ്ണി മുകുന്ദനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
2021ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ടായിരുന്നു സ്റ്റേ വാങ്ങിയത്. കേസ് ഒത്തുതീര്‍പ്പായെന്ന സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
കൊച്ചിയിലെ ഫ്ളാറ്റില്‍ തിരക്കഥ സംസാരിക്കാന്‍ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. ഈ കേസില്‍ വിശദമായ വാദം കേള്‍ക്കാനിരിക്കേയാണ് ഉണ്ണി മുകുന്ദന്‍ ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്.