ജനങ്ങള്‍ക്ക് എപ്പോഴും താല്‍പര്യമുള്ള രണ്ട് വിഷയങ്ങളാണ് സിനിമയും രാഷ്ട്രീയവും. താരങ്ങളുടെ രാഷ്ട്രീയ ചായ്‌വ് അറിയാന്‍ പ്രേക്ഷകര്‍ക്ക് കൗതുകമാണ്. അതുപോലെ തന്നെ രാഷ്ട്രീയ ചായ്‌വിന്റെ പേരില്‍ നിരന്തരം സൈബര്‍ അറ്റാക്കുകളും സിനിമാ താരങ്ങള്‍ക്ക് നേരെ ഉണ്ടാവാറുണ്ട്. അത്തരം സൈബര്‍ അറ്റാക്കുകള്‍ നേരിട്ട ഒരു സിനിമാ താരമാണ് ഉണ്ണി മുകുന്ദന്‍. തന്റെ രാഷ്ട്രീയ നിലപാട് കൃത്യമായി താരം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള പോസ്റ്റുകള്‍ക്ക് നേരെയും താരത്തിന്റെ സിനിമകള്‍ക്ക് നേരെയും സൈബര്‍ അറ്റാക്കുകള്‍ ഉണ്ടാവാറുണ്ട്.
ഉണ്ണി മുകുന്ദന്റെ 35-ാം ജന്മദിനമാണിന്ന്. ജന്മദിനത്തില്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പുതിയ സിനിമയുടെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. മാളികപ്പുറം എന്ന സിനിമയുടെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ താരം പുറത്തു വിട്ടിരിക്കുന്നത്. പ്രഖ്യാപിച്ചത് മുതല്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ച സിനിമയാണ് മാളികപ്പുറം. സിനിമയുടെ പേരിലെ വള്ളിയില്‍ പിടിച്ചു തൂങ്ങുന്ന കമന്റുകള്‍ സിനിമയുടെ പൂജാ ചിത്രങ്ങള്‍ പങ്കുവച്ചതു മുതല്‍ എത്തിയിരുന്നു. എങ്കിലും സിനിമയുടെ പോസ്റ്റര്‍ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങള്‍ക്കൊപ്പം കൈപിടിച്ചു നില്‍ക്കുന്ന ഉണ്ണി മുകുന്ദന്‍ ആണ് പോസ്റ്ററിലുള്ളത്. ശബരിമല ദര്‍ശനത്തിനു പോകുന്ന വേഷത്തിലാണ് ഉണ്ണിയും കുട്ടികളും. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്. ചിത്രീകരണ വേളയില്‍ പന്തളം രാജകുടുംബാംഗങ്ങള്‍ ലൊക്കേഷന്‍ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.
അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന സിനിമ, വിഷ്ണു ശശിശങ്കര്‍ ആണ് സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലു സിംഗും മാമാങ്കവും. മല്ലു സിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തില്‍ ഉണ്ണി മുകുന്ദന്‍ നായകന്‍ ആകുന്നുവെന്ന പ്രത്യേകതയും മാളികപ്പുറം എന്ന സിനിമയ്ക്കുണ്ട്.
ഗുജറാത്തില്‍ നിന്നും സിനിമാ മോഹവുമായി കേരളത്തിലേക്ക് എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ താരവും നിര്‍മ്മാതാവും ഒക്കെ ആയി മാറിയിരിക്കുകയാണ് ഇന്ന് ഉണ്ണി മുകുന്ദന്‍. 2011ല്‍ റിലീസ് ചെയ്ത ബോംബേ മാര്‍ച്ച് 12 ആണ് ഉണ്ണി മുകുന്ദന്റെതായി ആദ്യം റിലീസ് ചെയ്ത ചിത്രം. മല്ലു സിംഗ് എന്ന സിനിമയിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. നിരവധി സിനിമകള്‍ ചെയ്തുവെങ്കിലും വിക്രമാദിത്യന്‍, മാമാങ്കം എന്നീ സിനിമകളാണ് താരത്തിന്റെതായി ഏറെ ശ്രദ്ധ നേടിയത്.
ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട സിനിമയാണ്. മുസ്ലീം വില്ലനെ ചിത്രീകരിച്ചു, സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് സിനിമയ്ക്ക് നേരെ ഉയര്‍ന്നത്. ഇതോടെ താരത്തിന്റെ രാഷ്ട്രീയ ചായ്‌വിനെ വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയാന്‍ ആറ് കോടി മുടക്കി സിനിമ ചെയ്യേണ്ട കാര്യമില്ലല്ലോ, ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ പോരേ എന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഹനുമാന്‍ ജയന്തിക്ക് പോസ്റ്റ് പങ്കുവച്ചപ്പോഴും നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നപ്പോഴും വലിയ രീതിയില്‍ തന്നെ ഉണ്ണിക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. എന്ത് തന്നെ ആയാലും ഒരു വ്യക്തിയുടെ രാഷ്ട്രീയ ചായ്‌വ് എന്ന് പറഞ്ഞാല്‍ ആ വ്യക്തിയുടെ ഇഷ്ടം തന്നെയാണ് എന്ന് മാത്രമേ പറയാനുള്ളു.