മലയാള സിനിമയിൽ സിനിമാപ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കാറുള്ള സിനിമകളാണ് മോഹൻലാലിന്റേത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഏത് സിനിമകൾ ആയാലും ഏറെ പ്രതീക്ഷയോടെയാണ് ആരാധകരടക്കമുള്ളവർ കാത്തിരിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട്-മൂന്ന് വർഷങ്ങളായി എത്തിയ മോഹൻലാൽ സിനിമകൾ തീയേറ്ററിൽ വൻ ഫ്ലോപ്പ് ആയി മാറിയിരുന്നു. ആകെ വിജയം നേടിയത് നേര് മാത്രമാണ്. ഇതിലെ മോഹൻലാൽ കഥാപാത്രത്തിന് എതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു
അതുകൊണ്ട് തന്നെ തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് റിലീസ് ചെയ്യാനായി ഉചിതമായ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു താരം. ഏറെ നാളുകളായി സിനിമയുടെ അപ്‌ഡേറ്റുകൾ വന്നിരുന്നുവെങ്കിലും സിനിമയുടെ റിലീസ് നീട്ടിവച്ചിരിക്കുകയായിരുന്നു. പുതുമുഖ സംവിധായകരോടൊപ്പമാണ് മോഹൻലാൽ ഇനി സിനിമകളിൽ എത്തുന്നത് എന്നതും ഏറെ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് തന്നെയാണ് ആദ്യം എത്തുന്നത്. അതിന് ശേഷം കൈ നിറയെ സിനിമകളുമായാണ് 2025ൽ മോഹൻലാൽ എത്തുന്നത്.
ഇപ്പോഴിതാ 2025ൽ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ മോഹൻലാൽ ചിത്രങ്ങളുടെ വീഡിയോയുമായി ആശീർവാദ് സിനിമാസ്. വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. ഏറെ നാളുകളായി ആരാധകർ കാത്തിരിക്കുന്ന ബറോസ് മാത്രമാണ് ഈ വർഷം റിലീസിന് ഒരുങ്ങുന്നത്. എന്നാൽ അടുത്ത വർഷം നാല് സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാൻ പോകുന്നത്. വീഡിയോയ്‌ക്കൊപ്പം ഇവയുടെ റിലീസ് തീയതിയും പുറത്തു വിട്ടിട്ടുണ്ട്.
ഡിസംബർ 25നാണ് ബറോസ് തിയേറ്ററുകളിൽ എത്തുക. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് 2021 മാർച്ച് 24ന് ആയിരുന്നു. മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബറോസിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. തന്റെ 40 വർഷത്തെ സിനിമാജീവിതത്തിൽ മോഹൻലാൽ ആദ്യമായി സംവിധായക കുപ്പായമണിയുന്നു എന്നതാണ് ബാറോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ത്രി ഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി ചിത്രമാണ് തുടരും. ശോഭനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഫാമിലി ഡ്രാമ ഴോണറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 2025 ജനുവരി 30ന് തിയറ്ററുകളിൽ എത്തും.
മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. സിനിമയുടെ രണ്ടാം ഭാഗം എമ്പുരാനായി സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിൽ എത്തും. പാൻ ഇന്ത്യൻ ചിത്രമായല്ല, പാൻ വേൾഡ് ചിത്രമായാണ് എമ്പുരാൻ പുറത്തുവരുന്നതെന്നാണ് മോഹൻലാൽ സിനിമയെ കുറിച്ച് പറഞ്ഞത്.
മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കോമ്പോ. നാടോടിക്കാറ്റ്, ടി. പി ബാലഗോപാലൻ എം.എ,പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി,സന്മനസുള്ളവർക്ക് സമാധാനം,രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മലയാളികൾ എക്കാലത്തും ഓർത്തുവെക്കുന്ന ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ടിൽ മലയാളത്തിൽ പിറന്നിട്ടുള്ളത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ഓഗസ്റ്റ് 28ന് തിയറ്ററിലെത്തും. സോനു ടി പിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
മലയാളത്തിൽ മാത്രമല്ല, തെലുങ്കിൽ നിന്നും മറ്റൊരു പാൻ ഇന്ത്യൻ ചിത്രം കൂടി മോഹൻലാലിന്റേതായി ഒരുങ്ങുന്നുണ്ട്. നന്ദകിഷോർ സംവിധാനം ചെയുന്ന പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയിലാണ് താരം എത്തുന്നത്. പുലിമുരുകന് ശേഷം പീറ്റർ ഹെയ്നും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന സിനിമയിലൂടെ മികച്ച ആക്ഷൻ രംഗങ്ങൾ കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അച്ഛൻ- മകൻ സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് വൃഷഭ പറയുന്നത്. റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. 200 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ. 2025 ഒക്ടോബർ 16ന് വൃഷഭ തിയറ്ററുകളിൽ എത്തും.
മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് മോഹൻലാൽ എങ്കിലും ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം മലയാളത്തിൽ കാര്യമായ സൂപ്പർഹിറ്റുകൾ കൊണ്ടുവരാൻ താരത്തിന് സാധിച്ചിരുന്നില്ല. കഴിഞ്ഞവർഷം പുറത്തിറങ്ങിയ നേര് മാത്രമാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ബോക്സ്ഓഫീസിൽ വലിയ നേട്ടം ഉണ്ടാക്കിയത്.
ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന ബറോസിലൂടെ ഈ മോശം ഫോം അവസാനിക്കുമെന്നാണ് കരുതുന്നത്. എന്തായാലും കിടിലൻ സംവിധായകരും തിരക്കഥാകൃത്തുകളും ഒരുക്കുന്ന ഈ സിനിമകളിലൂടെ മോഹൻലാൽ ഫുൾ പവറിൽ തിരിച്ചെത്തും എന്ന തന്നെയാണ് പ്രതീക്ഷിക്കുന്നത്.