റീ റിലീസില്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടന്‍’. നവംബര്‍ 29ന് തിയേറ്ററുകളിലെത്തിയ ചിത്രം ഓപ്പണിങ് ദിനത്തില്‍ 24 ലക്ഷം രൂപ തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നു. സഹോദരബന്ധത്തിന്റെ കഥപറഞ്ഞ വല്ല്യേട്ടന്‍ മാസ് ആക്ഷന്‍ ചിത്രം കൂടിയാണ്. എന്നാല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിലെ ചില പൊരുത്തക്കേടുകള്‍ ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ.
കാലിന് സ്വാധീനക്കുറവും ഉയരക്കുറവും ഉള്ള സുധീഷ് അവതരിപ്പിച്ച മോന്‍കുട്ടന്‍ എന്ന കുഞ്ഞനിയനോട് മമ്മൂട്ടിയുടെ വല്ല്യേട്ടന്‍ കഥാപാത്രം ചോദിക്കുന്ന ചോദ്യമാണ് ചര്‍ച്ചാവിഷയം. ”സമുദ്ര നിരപ്പില്‍ നിന്ന് കേവലം 3 അടിമാത്രം ഉയരമുള്ള നീ, ശരീരത്തിന് ആകെ ഒരു ഫിനിഷിങ് ഇല്ലാത്ത നീ” എന്ന ഡയലോഗ് ശരിയല്ല എന്ന വാദങ്ങളാണ് ഉയരുന്നത്.
ഒരു വല്ല്യേട്ടന് എങ്ങനെയാണ് അത് ചോദിക്കാന്‍ കഴിയുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഭിന്നശേഷിക്കാരനായ സ്വന്തം അനുജനെ അയാളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നത് മാസ് ആയി കാണാന്‍ കഴിയില്ല എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയാണ് എന്നാണ് ചിലരുടെ പക്ഷം.
ഇത് മാത്രമല്ല, സുധീഷിന്റെ ഏട്ടന്‍മാരില്‍ ഒരാളായ സിദ്ദിഖിന്റെ കഥാപാത്രം സുധീഷിനെ ഞൊണ്ടി എന്ന് വിളിക്കുന്നതും അരോചകമായി തോന്നുന്നതായി ചിലര്‍ എടുത്തു പറയുന്നുണ്ട്. ബോഡി ഷെയ്മിംഗിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. അതേസമയം, 2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത വല്ല്യേട്ടന്‍ ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.
ചിത്രത്തില്‍ അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്‌ക്രീനില്‍ എത്തിയത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് റീ റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് ഫോര്‍ കെ ദൃശ്യമികവോടെ തിയേറ്ററില്‍ എത്തിച്ചത്.