സിജു വിത്സന്‍ ചിത്രം ‘ വരയനിലെ പുതിയ പാട്ടും തരംഗമാവുന്നു. ഡി5 ജൂനിയേഴ്‌സ് എന്ന ചാനല്‍ പ്രോഗ്രാമിലൂടെ പ്രേക്ഷകശ്രദ്ധ നേടി സമ്മാനര്‍ഹരായ ചൈതിക്കും കാശിനാഥനും നിറഞ്ഞാടിയ ഈ ഗാനത്തിന്റെ തകര്‍പ്പന്‍ കോറിയോഗ്രാഫി പ്രസന്ന മാസ്റ്ററുടേതാണ്. സായി ഭദ്രയാണ് ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനരചന ബി. കെ. ഹരിനാരായണനും സംഗീത സംവിധാനം പ്രകാശ് അലക്‌സുമാണ്. ‘കായലോണ്ട് വട്ടം വളച്ചേ ‘…എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണത്തില്‍ നിന്നു തന്നെ വരയന്‍ സിനിമയുടെ പശ്ചാതലവും ശക്തമായ പ്രമേയത്തിന്റെ സ്വഭാവവും പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്.
‘ പറഞ്ഞാല്‍ അറിഞ്ഞാല്‍ നടുക്കം വരും കഥകളയ്യയയ്യോ … എന്നു പാട്ടിന്റെ അവസാന വരികളില്‍ പറഞ്ഞു നിര്‍ത്തുന്ന പോലെ തന്നെ പ്രേക്ഷക മനസ്സില്‍ കൗതുകവും ആകാംക്ഷയും നിറച്ചു കൊണ്ടാണ് വരയന്റെ ട്രെയിലറും ഇതിലെ ഗാനങ്ങളും വിസ്മയിപ്പിക്കുന്നത്. കുട്ടികളും കുടുംബങ്ങളും ഏറ്റെടുത്തു കഴിഞ്ഞ ഈ ഗാനം തിയേറ്റുറുകളില്‍ ആവേശമുണര്‍ത്തുമെന്നുറപ്പാണ്.
സത്യം സിനിമാസിന്റെ ബാനറില്‍ എ. ജി. പ്രേമചന്ദ്രനാണ് ഈ ചിത്രം നിര്‍മ്മിച്ചു തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ എഴുതി ജിജോ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു. ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു,ജോയ് മാത്യു, വിജയരാഘവന്‍,ബിന്ദു പണിക്കര്‍,ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി,അരിസ്റ്റോ സുരേഷ്,ബൈജു എഴുപുന്ന,അംബിക മോഹന്‍,രാജേഷ് അമ്പലപ്പുഴ,ശ്രീലക്ഷ്മി, ഹരിപ്രശാന്ത്,സുന്ദര്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സിജു വില്‍സനോടൊപ്പം ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ ടൈഗര്‍ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.