പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത “വര്‍ത്തമാനം” ചിത്രത്തിന്റെ സെക്കന്റ് ടീസര്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി. ടീസറിലെ ഡയലോഗുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വീഡിയോ ഇപ്പോള്‍ പ്രൈവറ്റ് മോഡിലാണ്.
എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ടീസര്‍ കാണാന്‍ സാധിക്കും. “ഇവിടെ നൂറുകണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി മരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയതാണോ നിന്റെയൊക്കം രാജ്യസ്നേഹം”” എന്ന് സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഡയലോഗാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ച് 12ന് ആണ് വര്‍ത്തമാനം റിലീസ് ചെയ്തത്. ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുള്‍ റഹമാനെ കുറിച്ച് ഗവേഷണം നടത്തുവാനായി എത്തിയ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് വര്‍ത്തമാനം റിലീസ് ചെയ്തത്. ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം എന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നേരത്തെ നിഷേധിച്ചത്. ഇത് വിവാദമായിരുന്നു. തുടര്‍ന്ന് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത്.