പാപ്പരാസികളില്‍ നിന്നും സാമന്തയെ രക്ഷിച്ച് വരുണ്‍ ധവാന്‍. മുംബൈയിലെ ഒരു ഓഫിസില്‍നിന്നും മടങ്ങവേയാണ് വരുണ്‍ ധവാനും സാമന്തയും പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടത്. ഫോട്ടോ എടുക്കാനായി സാമന്തയ്ക്ക് ചുറ്റും പാപ്പരാസികള്‍ വളയുകയായിരുന്നു.
ഉടന്‍ തന്നെ വരുണ്‍ ഇടപെടുകയും എന്തിനാണ് സാമന്തയെ ഭയപ്പെടുത്തുന്നതെന്നും ദയവായി ഭയപ്പെടുത്തരുതെന്നും പറയുകയായിരുന്നു. സംവിധായകന്‍ രാജ് നിധിമോരുവും ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു. സാമന്തയെ സുരക്ഷിതമായി വരുണ്‍ കാറിനകത്ത് എത്തിക്കുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
വരുണിന്റെ ഈ പ്രവൃത്തിക്ക് കയ്യടിക്കുകയാണ് ആരാധകര്‍. എന്നാല്‍ സാമന്തയും വരുണും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ പുതിയ സിനിമയോ വെബ് സീരിസോ വരുന്നുണ്ടോ എന്നാണ് വീഡിയോ കണ്ട പലരും ചോദിക്കുന്നത്. ഇരുവരെയും ഒന്നിച്ച് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നുവെന്നും കമന്റുകളുണ്ട്.
ആമസോണ്‍ പ്രൈമിന്റെ സീരീസിനായി വരുണും സാമന്തയും കൈകോര്‍ക്കുന്നതായി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. രാജ് നിധിമോരുവും കൃഷ്ണ ഡികെയും ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദി ഫാമിലി മാന്‍ 2-വിനായി സാമന്ത ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു.
View this post on Instagram