തമിഴ്നാട്ടിൽ എമ്പുരാനെ കടത്തിവെട്ടി വൻ മുന്നേറ്റം നടത്തുകയാണ് വിക്രം സിനിമ ‘വീര ധീര സൂരൻ’. മാർച്ച് 27ന് പാൻ ഇന്ത്യൻ റിലീസായി പുറത്തിറങ്ങിയ എമ്പുരാനോടൊപ്പം ക്ലാഷ് റിലീസ് ചെയ്ത വീര ധീര സൂരന്റെ ബോക്സ്ഓഫീസ് കണക്കുകൾ പുറത്തു വരുമ്പോൾ തമിഴ്‌നാട്ടിൽ വിക്രം ചിത്രം ഏറെ മുന്നിലാണ്. തമിഴ്നാട്ടിലെ ബോക്സ് ഓഫീസിൽ സിനിമ എമ്പുരാനെ കളക്ഷനിൽ പിന്നിലാക്കി എന്നാണ് റിപോർട്ടുകൾ.
അഞ്ച് ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ മാത്രം 23.50 കോടി രൂപ ഗ്രോസാണ് വീര ധീര സൂരൻ നേടിയിരിക്കുന്നത്. എന്നാൽ എമ്പുരാന് ആറ് കോടിയോളം രൂപ മാത്രമാണ് ഇതുവരെ നേടാൻ സാധിച്ചത്. സിനിമ ആഗോള കളക്ഷനിൽ 50 കോടി രൂപയിലധികം നേടിയതായാണ് റിപോർട്ടുകൾ. റിലീസ് ദിനം ചില നിയമപ്രശ്നങ്ങളാൽ വൈകിയാണ് പടം തീയറ്ററിൽ എത്തിയത്. തമിഴ്നാട്ടിൽ ആദ്യത്തെ ദിവസം രണ്ട് ഷോ മാത്രമാണ് വീര ധീര സൂരൻ പ്രദർശിപ്പിച്ചത് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. റിലീസ് ദിവസം നിയമപ്രശ്‌നങ്ങളെ തുടർന്ന് ഏറെ വൈകിയാണ് തിയേറ്ററിൽ എത്തിയതെങ്കിലും മികച്ച പ്രതികരണങ്ങൾ ആണ് സിനിമ നേടിയത്. റിലീസായ ദിവസം വീര ധീര സൂരൻ ആദ്യ ദിവസം തന്നെ 2 കോടിയിലധികം കളക്ഷൻ നേടി. രണ്ടാം ദിവസം 2.95 കോടി, മൂന്നാം ദിവസം 4.44 കോടി, നാലാം ദിവസം 5.11 കോടി, അഞ്ചാം ദിവസം 3.52 കോടി എന്നിങ്ങനെയാണ് കണക്കുകൾ.
വിക്രമിന്റെ കഴിഞ്ഞ ഏതാനും സിനിമകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ സിനിമയ്ക്കായി കാത്തിരുന്നത്. നടന്റെ പവർഫുൾ കംബാക്ക് ആണ് സിനിമ എന്നാണ് എല്ലാവരുടെയും അഭിപ്രായം. സിനിമയിൽ വിക്രം മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ അടക്കമുള്ള കമന്റുകൾ. പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, ചിത്ത എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്. യു അരുൺ കുമാർ ഒരുക്കിയ സിനിമയാണ് വീര ധീര സൂരൻ. ആക്ഷൻ ത്രില്ലർ ഴോണറിലാണ് സിനിമ എത്തിയത്. ദുഷാര വിജയൻ ആണ് ചിത്രത്തിൽ വിക്രമിന്റെ നായികയായി എത്തിയത്. സുരാജ് വെഞ്ഞാറമൂടും എസ്. ജെ സൂര്യയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുന്നത്.
ചിത്രം ഹിറ്റിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ സിനിമയ്ക്കായി ചിയാൻ വാങ്ങിയ പ്രതിഫലവും ചർച്ചയാവുകയാണ്. വീര ധീര സൂരന്റെ രണ്ട് ഭാഗങ്ങൾക്കും ചേർത്ത് വിക്രം 30 കോടിയോളം രൂപ വാങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, രാഷ്ട്രീയ വിവാദം ആളിക്കത്തുമ്പോൾ ഗ്ലോബൽ ബോക്‌സ് ഓഫീസിൽ തീ പടർത്തുകയാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാൻ’. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നു നിൽക്കുമ്പോഴാണ് ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം കൊണ്ടാണ് സിനിമ 200 കോടി ക്ലബിൽ എത്തിയത്.