സൂപ്പര്‍ ഹിറ്റ് ചിത്രം ‘സീതാരാമ’ത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലേക്ക്. ‘ലക്കി ഭാസ്‌കര്‍’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. 37-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ പിറന്നാള്‍ സമ്മാനമായാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ലക്കി ഭാസ്‌കര്‍ എത്തുന്നത്. ‘വാത്തി’ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്ന് സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറുകളില്‍ ആണ് ലക്കി ഭാസ്‌കറിന്റെ നിര്‍മ്മാണം.
ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വാത്തിക്ക് വേണ്ടി ചാര്‍ട്ട്ബസ്റ്റര്‍ ആല്‍ബം ഒരുക്കിയ ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നവീന്‍ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കലാസംവിധാനം: വിനീഷ് ബംഗ്ലാന്‍. കൂടുതല്‍ വിശദാംശങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ പ്രഖ്യാപിക്കും.
അതേസമയം, ‘കിംഗ് ഓഫ് കൊത്ത’യാണ് ദുല്‍ഖറിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന പുതിയ ചിത്രം. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ഒരുക്കുന്ന സിനിമ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത്. മമ്മൂട്ടിക്കൊപ്പം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി.
അദ്ദേഹത്തിന്റെ മകനൊപ്പം ദുല്‍ഖര്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകരും സിനിമാപ്രേമികളും ഒരു പോലെയാണ് ഏറ്റെടുത്തത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത