ത്രില്ലര്‍ സിനിമകളുടെ തമ്പുരാന്‍.. കലാമൂല്യവും ജനപ്രിയതയും സംയോജിച്ച ചലച്ചിത്രകാരന്‍; സ്വപ്നാടനം മുതല്‍ ഇലവങ്കോട് ദേശം വരെ; മലയാള സിനിമയുടെ 'മറ്റൊരാള്‍'

മലയാള സിനിമയിലെ കേട്ടുപഴകിയ കഥകളില്‍ നിന്ന് പൊളിച്ചെഴുത്ത് നടത്തിയ സംവിധായകനാണ് കെ.ജി ജോര്‍ജ്ജ്. കാലാതീതനായ ചലച്ചിത്രകാരനായാണ് അദ്ദേഹത്തെ ഏവരും വാഴ്ത്തുന്നത്. ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം ഒരുക്കിയ സിനിമകള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ട്. കാലഘട്ടത്തെ അതിജീവിച്ചവയാണ് അദ്ദേഹത്തിന്റെ സിനിമകളും കഥാപാത്രങ്ങളും. രാമു കാര്യാട്ടിന്റെ ‘മായ’, ‘നെല്ല്’ എന്നീ സിനിമകളുടെ സംവിധാന സഹായി ആയിട്ടായിരുന്നു കെ.ജി ജോര്‍ജ് തന്റെ സിനിമാ ജിവിതം ആരംഭിച്ചത്. 1976ല്‍ പുറത്തിറങ്ങിയ ‘സ്വപ്നാടന’ ആയിരുന്നു കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പ്രമേയം കൊണ്ടും സംവിധാനത്തിലെ മികവു കൊണ്ടും പേരുകേട്ട പത്തൊമ്പത് സിനിമകള്‍ സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്.

മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ തമ്പുരാന്‍ എന്നാണ് കെജി ജോര്‍ജ് എന്ന സംവിധായകനെ വിശേഷിപ്പിക്കുന്നത്. ഇരകള്‍, യവനിക ഉള്‍പ്പെടെയുള്ള സിനിമകള്‍ പുതുതലമുറ സിനിമാക്കാര്‍ക്ക് പാഠ പുസ്തകമാണ്. ഈ സിനിമകള്‍ ഇന്നും പ്രസക്തമാകുന്നത് ചിത്രം സംസാരിക്കുന്ന ശക്തമായ വിഷയങ്ങളുടെ പേരിലാണ്. ഗണേഷ് കുമാറിന്റെ ആദ്യ ചിത്രം, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം, നടന്‍ സുകുമാരന്റെ നിര്‍മാണം അങ്ങനെ ഇരകള്‍ ശ്രദ്ധിക്കപ്പെടാന്‍ ഒട്ടനവധി കാരണങ്ങളുണ്ട്. ത്രില്ലര്‍ എന്ന ജോണറില്‍ നിന്നും മാറ്റി നിര്‍ത്തിയാലും ‘ഇരകള്‍’ കാഴ്ചയുടെ ആവര്‍ത്തനം ആവശ്യപ്പെടുന്നുണ്ട്. ഒരു കുടുംബ ചിത്രം, അച്ഛന്‍ മക്കള്‍ ബന്ധം തുടങ്ങിയ കോണുകളിലൂടെ വീക്ഷിച്ചാല്‍ ശ്രദ്ധേയമായ ചില സന്ദേശങ്ങളും ചിത്രം നല്‍കുന്നതായി കാണാം.

സിനിമയിലെ കേന്ദ്ര കഥാപാത്രം ഗണേഷ് കുമാര്‍ അവതരിപ്പിക്കുന്ന ബേബി മാത്യൂസ് ആണ്. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ ബേബിയുടെ മാനസിക വ്യാപാരങ്ങളും അയാളുടെ കുടുംബ ബന്ധത്തിലെ ഇഴയടുപ്പങ്ങളുമാണ് കെജി ജോര്‍ജ് ദൃശ്യവത്ക്കരിച്ചത്. ബേബി ഒരു സൈക്കോ പാത്ത് ആണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. കോളേജിലെ അയാളുടെ ജൂനിയര്‍ വിദ്യാര്‍ത്ഥി മുതല്‍ സ്വന്തം ജ്യേഷ്ഠ സഹോദരന്‍ വരെയുള്ള അയാളുടെ ഇരകളിലൂടെ സഞ്ചരിക്കുന്ന സിനിമയില്‍ സംവിധായകന്‍ ദൃശ്യവത്കരിക്കുന്നത് യഥാര്‍ത്ഥ ഇരയായ ബേബിയെ തന്നെയാണ്. സാഹചര്യങ്ങളും സമൂഹവും കുറ്റവാളിയാക്കുന്ന നിരവധിപ്പേരുടെ കഥകള്‍ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ബേബി എന്ന ഇരയെ സൃഷ്ടിക്കുന്നത് അയാളുടെ കുടുംബം തന്നെയാണ്. മനസിന് ഏല്‍ക്കുന്ന മുറിവുകള്‍ കരിയാന്‍ പ്രയാസമാണ്. ഉണങ്ങാതെ വൃണമായി മാറുന്ന ഇത്തരം മുറിവുകള്‍ ഒരുവനെ മൃഗതുല്യനാക്കാന്‍ പോലും പര്യാപ്തമാണെന്ന് കെജി ജോര്‍ജ് സിനിമയിലൂടെ കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേവലം ഒന്ന് കണ്ട് മറക്കാവുന്ന ചിത്രമല്ല ഇരകള്‍, ഇന്നത്തെ തലമുറയേയും ഇരുത്തി ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ് 1985ല്‍ പുറത്തിറങ്ങിയ ഈ സിനിമ.

No photo description available.

ആധുനിക മലയാള സിനിമയില്‍ വഴിത്തിരിവു സൃഷ്ടിച്ച ചലച്ചിത്രമാണ് കെ.ജി.ജോര്‍ജ്ജിന്റെ യവനിക. സിനിമയെക്കുറിച്ച് അന്നുവരെയുണ്ടായിരുന്ന സങ്കല്‍പങ്ങളെയാകെ മാറ്റി മറിക്കാന്‍ യവനികയ്ക്കു കഴിഞ്ഞു. തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രത്തിന്റെ അഭിനയസാധ്യതകളാണ് ‘യവനിക’യെ ക്ലാസ്സിക്ക് സിനിമയാക്കിയത്. തബലിസ്റ്റ് അയ്യപ്പനെ ഭരത്ഗോപി എന്ന മഹാനായ നടന്‍ അനശ്വരമാക്കുകയും ചെയ്തു. നാടക സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന അയ്യപ്പന്റെ തബലയിലെ താളമിടല്‍ ഒട്ടും മാര്‍ദ്ദവമുള്ളതായിരുന്നില്ല. വലിച്ചുകെട്ടിയ തുകലിനു പുറത്ത് പരുക്കന്‍ വിരലുകള്‍ മര്‍ദ്ദനമേല്‍പിക്കുന്നതുപോലെ തന്നെയായിരുന്നു അയ്യപ്പന്റെ ജീവിതവും. തബലയിലെ താളമായിരുന്നില്ല അയ്യപ്പന്റെ ദൗര്‍ബല്യം. തബലയേക്കാളേറെ അയ്യപ്പനെ സ്വാധീനിച്ചത് മദ്യവും പെണ്ണുമായിരുന്നു. ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് യവനികയിലെ കഥ വികസിക്കുന്നത്. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം ആണ് കേന്ദ്ര ബിന്ദു. അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ് കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങള്‍ കടന്നു വരുന്നു. യാഥാര്‍ത്ഥ്യ ബോധമുള്ള കുറ്റാന്വേഷണം പ്രേക്ഷകന്‍ ആസ്വദിക്കുകയും, സമ്മര്‍ദ്ദം അനുഭവിച്ചതും യവനികയിലൂടെയാണ്.

കേരളത്തിന്റെ പഞ്ചവടിപ്പാലം എന്ന് ഹൈക്കോടതി വരെ പരാമര്‍ശിച്ച പാലാരിവട്ടം പാലം പൊളിച്ചപ്പോള്‍ 36 വര്‍ഷം മുമ്പ് എത്തിയ കെ.ജി ജോര്‍ജ് ചിത്രം പഞ്ചവടിപ്പാലം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. മലയാളത്തില്‍ പഞ്ചവടിപ്പാലത്തിനു മുന്‍പോ അതിന് ശേഷമോ ഇത്തരത്തിലൊരു രാഷ്ട്രീയ-സാമൂഹിക ആക്ഷേപഹാസ്യ സിനിമ വന്നിട്ടുണ്ടോ എന്നു സംശയമാണ്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ആക്ഷേപഹാസ്യ സിനിമയായിട്ടാണ് പഞ്ചവടിപ്പാലത്തെ വിശേഷിപ്പിക്കുന്നത്. 1948ല്‍ റിലീസ് ചെയ്ത സിനിമ വര്‍ഷമിത്ര കഴിഞ്ഞിട്ടും കാലിക പ്രസക്തമായി നിലകൊള്ളുകയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച പഞ്ചായത്ത് പ്രസിഡന്റ് ദുശാസ്സനക്കുറുപ്പിന്റെ നേതൃത്വത്തില്‍ കെട്ടിപ്പൊക്കിയ പാലം ഉദ്ഘാടനച്ചടങ്ങിനിടെ തന്നെ തകര്‍ന്ന കഥയാണ് സിനിമ പറഞ്ഞത്. ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേര്‍ന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് കെ.ജി ജോര്‍ജ്ജും യേശുദാസനും ചേര്‍ന്നാണ്. വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ, പാലം അപകടത്തില്‍ എന്ന കഥയെ ആസ്പദമാക്കി ആയിരുന്നു ഈ സിനിമ ഒരുക്കിയത്. മലയാളത്തിലെ അന്നത്തെ പ്രമുഖ താരങ്ങളായ ഭരത് ഗോപി, ശ്രീവിദ്യ, തിലകന്‍, നെടുമുടി വേണു, സുകുമാരി, ജഗതി, ശ്രീനിവാസന്‍, കെ.പി ഉമ്മര്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ എത്തിയത്.

ശിഥിലമാകുന്ന ഗ്രാമ ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രങ്ങളാണ് കെജി ജോര്‍ജ് കോലങ്ങള്‍ എന്ന സിനിമയിലൂടെ അവതരിപ്പിച്ചത്. പി.ജെ. ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കിയാണ് കോലങ്ങള്‍ എന്ന സിനിമയുണ്ടായത്. തിരക്കഥയും സംഭാഷണവും ജോര്‍ജ്ജ് തന്നെയാണ് നിര്‍വ്വഹിച്ചത്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം നടത്തി സ്വകാര്യത പൊതുചര്‍ച്ചയാക്കി മാറ്റുന്ന ഒരു ഗ്രാമത്തിന്റെ ദുരന്തമാണ് ഈ ചലച്ചിത്രം. ഒരാളിന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള ത്വര അതിന്റെ ഉച്ചകോടിയിലെത്തുന്ന ഒരു സിനിമയാണിത്. ഇതില്‍ പുരുഷനും സ്ത്രീയും പങ്കാളികളാണ്. എന്നാല്‍ പുരുഷാധിപത്യത്തിന്റെ നിഴലിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇതിലെ പുരുഷകഥാപാത്രങ്ങള്‍ പരദൂഷണം പറയുന്നതിന് പ്രതിഫലമായി കള്ളും പണവും സ്വീകരിക്കുന്നവരാണ്. സ്ത്രീശരീരം ഒളിഞ്ഞുനോക്കി ആസ്വദിക്കുന്ന സിനിമയിലെ പരമു ഞരമ്പുരോഗിയുടെ തലത്തില്‍ അധഃപതിക്കുന്ന ഒരു സമൂഹത്തിന്റെ പരിഛേദമാണ്. ഗ്രാമങ്ങള്‍ നന്മകള്‍കൊണ്ട് സമൃദ്ധമാണെന്ന വാദത്തെ അടിമുടി കീറി പരിശോധിക്കുന്ന ചിത്രമാണ് കോലങ്ങള്‍. ഓര്‍മ്മകളുടെ ദൃശ്യാനുഭവങ്ങളോ സ്വപ്നസദൃശ്യമായ രംഗങ്ങളോ സിനിമയിലില്ല. ഏതു കാലഘട്ടത്തിലും സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം ഗ്രാമാന്തരീക്ഷത്തിന്റെ, ഗ്രാമവ്യവസ്ഥിതിയുടെ നാശത്തിലേക്ക് നയിക്കുന്നു. ശിഥിലമാകുന്ന ഗ്രാമജീവിതത്തിന്റെ യഥാതഥ ചിത്രങ്ങളാണ് ജോര്‍ജ്ജ് ചിത്രീകരിച്ചത്.

സ്ത്രീത്വത്തിന്റെ മാനസിക വൈവിധ്യങ്ങളെയും വ്യത്യസ്ത സാമൂഹ്യതലങ്ങളില്‍ പുലരുന്ന സ്ത്രീകളുടെ ജീവിതാവസ്ഥകളെയും, പ്രതികരണ സ്വഭാവങ്ങളെയും ഇത്ര ആഴത്തില്‍ കണ്ടെത്തി അവതരിപ്പിച്ച മറ്റൊരു മലയാള സിനിമയുണ്ടോ എന്ന് സംശയമാണ്. വനിതാ സംവിധായകര്‍ക്ക് പോലും കഴിയാത്ത വിധത്തിലുള്ള സ്ത്രീ ജീവിതനിരീക്ഷണ പാടവം കൊണ്ട് അമ്പരപ്പിക്കുകയാണ് കെ.ജി ജോര്‍ജ് ആദാമിന്റെ വാരിയെല്ല് സിനിമയില്‍. ആലീസ്, വാസന്തി, അമ്മിണി… സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളെ പ്രതിനിധീകരിക്കുന്ന 3 സ്ത്രീ കഥാപാത്രങ്ങളിലൂടെ സ്ത്രീ ജീവിതത്തിന്റെ ആഖ്യാനമാണ് ആദാമിന്റെ വാരിയെല്ല്. സ്വാതന്ത്ര്യബോധത്തോടെ കുതറുന്ന, എന്നാല്‍ പരാജയപ്പെട്ടു പോകുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ കടന്നുവരുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിലെ സ്ത്രീകള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമുക്ക് പരിചയമുള്ളവര്‍ തന്നെയാണ്. അതില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. പ്രമേയത്തില്‍ എന്ന പോലെ ആവിഷ്‌കാരത്തിലും സിനിമ വ്യത്യസ്തത പുലര്‍ത്തി. വ്യത്യസ്തരായ മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങള്‍. അവര്‍ ഒരുമിച്ചുവരുന്നതാകട്ടെ ഒരേ ഒരു രംഗത്തിലും. പരസ്പരം തിരിച്ചറിയപ്പെടേണ്ട ഘടകങ്ങള്‍ അവരില്‍ ഉണ്ടായിട്ടും അങ്ങനെ സംഭവിക്കുന്നില്ല. മൂന്ന് കഥകളും നറേറ്റീവ് രീതിയില്‍ പറയുകയും അതിനെ പ്രത്യേക രീതിയില്‍ കോര്‍ത്തിണക്കുകയുമായിരുന്നു. മലയാളത്തില്‍ തികച്ചും പുതിയ രീതിയായിരുന്നു അത്.

മനുഷ്യന്‍ സ്വയമറിയാതെ സൃഷ്ടിക്കുന്ന വ്യക്തിപരമായ ദുരന്തത്തിന്റെ പ്രതീകങ്ങളാണ് കൈമളും സുശീലയും. അവനവന്‍ തീര്‍ക്കുന്ന അരക്കില്ലങ്ങളായി മാറുന്ന ബന്ധങ്ങളെക്കുറിച്ച് കെ ജി ജോര്‍ജ്ജ് സംസാരിച്ച സിനിമയാണ് മറ്റൊരാള്‍. 1988 ല്‍ പുറത്തിറങ്ങിയ ചിത്രം പുറത്തൊരു വേഷവും അകത്തു മറ്റൊരു വേഷവും കെട്ടുന്ന പുരുഷ മേല്കോയ്മയിലേക്കാണ് വിരല്‍ ചൂണ്ടിയത്. സിനിമ ഒരു അവാര്‍ഡ് പടത്തിന്റെ രീതിയിലാണ് പോവുന്നത്. എല്ലായ്പ്പോഴും പുതുമയാര്‍ന്ന കഥാപരിസരം തേടിപ്പോയ ജോര്‍ജിന്റെ മാസ്റ്റര്‍ പീസും ജനപ്രീതി നേടിയ സിനിമയും ആയി യവനിക ഗണിക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീ പുരുഷ മന:ശ്ശാസ്ത്രത്തിന്റെ സൂക്ഷ്മതലത്തിലേക്കു പിടിച്ച ഒരു കണ്ണാടിയായി പ്രേക്ഷകനെ കീഴ്പെടുത്തുന്നുണ്ട് മറ്റൊരാള്‍. ഓരോ ദാമ്പത്യവും പുകയുന്ന നെരിപ്പോടുകളാണെന്ന് മറ്റൊരാള്‍ പറയുന്നു. സി.വി.ബാലകൃഷ്ണന്റെ കഥയെ ആധാരമാക്കിയാണ് കെ.ജി.ജോര്‍ജ്ജ് മറ്റൊരാള്‍ ഒരുക്കിയത്.

മലയാള സിനിമയുടെ കഥകളെയും കഥാപരിസരങ്ങളെയും കാഴ്ചകള്‍കൊണ്ട് സമ്പുഷ്ടമാക്കിയ പ്രതിഭ എന്നാണ് എല്ലാക്കാലവും കെ ജി ജോര്‍ജ്ജിന് സിനിമാ ആസ്വാദകരുടെ മനസ്സിലുള്ള സ്ഥാനം. കാലാതീതമായ കലയാണ് സിനിമ എന്നതിനോട് നീതിപുലര്‍ത്തുന്ന പേര് കൂടിയാണ് ജോര്‍ജിന്റെ സിനിമകള്‍. പുതുതലമുറ സിനിമാ സംവിധായകരില്‍ ഏറ്റവുമധികം പിന്തുടരുന്നതും അദ്ദേഹത്തെ തന്നെയായിരിക്കും. ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു തുടങ്ങി ക്രാഫ്റ്റ് കൊണ്ട് തങ്ങളുടെ സിനിമയെ സമ്പന്നമാക്കുന്ന സിനിമാക്കാരുടെയെല്ലാം ഇഷ്ട സംവിധായകന്‍. കെ ജി ജോര്‍ജ്ജിനെ അറിയാത്ത സിനിമാ ആസ്വാദകന്‍ എങ്ങനെ ആസ്വാദകനാകും എന്ന ചോദ്യം ഒട്ടും അതിശയോക്തമാകില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം