വെട്രിമാരന്‍ ചിത്രം ‘വിടുതലൈ’ ഏറ്റെടുത്ത് മലയാളി പ്രേക്ഷകര്‍. മാര്‍ച്ച് 31ന് റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര കളക്ഷന്‍ ആണ് കേരളത്തിലെ ബോക്‌സോഫീസില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഒരു കോടി രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ കഥയാണ് വിടുതലൈ.
ചിത്രത്തിന്റെ ആമുഖം മാത്രമാണ് ആദ്യഭാഗം പറഞ്ഞുവെക്കുന്നത്. സൂരി അഭിനയിച്ച കുമരേശന്‍ എന്ന കഥാപാത്രത്തിലൂടെ വിജയ് സേതുപതിയുടെ പെരുമാളിന്റെയും നാടിന്റെയും കഥ പൂര്‍ണമായും രണ്ടാം ഭാഗത്തിലൂടെയാണ് കാണിക്കുക.
15 വര്‍ഷമായി മനസില്‍ കൊണ്ടു നടക്കുന്ന സ്വപ്‌ന പദ്ധതി 40 കോടി ബജറ്റിലാണ് വെട്രിമാരന്‍ ഒരുക്കിയത്. ചിത്രത്തിലെ ഓപ്പണിംഗ് ഷോട്ടിലെ റെയില്‍ പാളം സ്‌ഫോടക വസ്തു വച്ച് തകര്‍ക്കുന്ന നിര്‍ണായക സീന്‍ എടുക്കാന്‍ എട്ട് കോടി രൂപയാണ് ചിലവഴിച്ചത്.
ട്രെയ്ന്‍ അപകടം ഒറ്റ ഷോട്ടില്‍ ഒരു ക്ലോസ് ഫ്രെയ്മില്‍ നിന്നുതുടങ്ങി ഒരു വലിയ ട്രെയ്ന്‍ അപകടത്തിന്റെ എല്ലാ ഭീകരതകളെയും ഗംഭീരമായാണ് ക്യമറ പകര്‍ത്തിയെടുത്തത്. ഈ രംഗത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ബി ജയമോഹന്റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് വിടുതലൈ ഒരുക്കിയിരിക്കുന്നത്. സൂരി ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. സൂരിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് വിടുതലൈയിലൂടെ കാണാന്‍ സാധിക്കുക.