അന്താരാഷ്ട്ര വേദികളിൽ വീണ്ടും വെട്രിമാരൻ; 'വിടുതലൈ 1&2' റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക്

ഭരണകൂട ഭീകരതയുടെ നേർസാക്ഷ്യം മുൻപും വെട്രിമാരൻ തന്റെ സിനിമകളിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്. വിജയ് സേതുപതിയെയും സൂരിയെയും പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ പാർട്ട് 1’ സംസാരിച്ചതും അത്തരമൊരു ഭരണകൂട ഭീകരതയെ കുറിച്ചാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു.

ഫെസ്റ്റിവലിലെ ലൈം ലൈറ്റ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിപ്പിലാണ് സിനിമലോകം. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ തന്നെയായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനിടെ ആദ്യ പ്രദർശനം.

May be an image of 1 person and text

പ്രശസ്ത തമിഴ്- മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ തുനൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ജയമോഹനും വെട്രിമാരനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.ഇളയരാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അടുത്ത വർഷം ആദ്യം ചിത്രം ഇന്ത്യയിൽ തിയേറ്റർ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാദ്യാർ എന്നറിയപ്പെടുന്ന പെരുമാൾ എന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി തദ്ദേശീയ ജനവിഭാഗങ്ങളായ ആദിവാസികൾക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും, പുതുതായി പൊലീസ് സേനയിൽ ചേർന്ന യുവാവിന്റെ മാനസിക സംഘർഷങ്ങളുമാണ് വിടുതലൈ ആദ്യ ഭാഗത്തിൽ ചർച്ച ചെയ്തത്. രണ്ടാം ഭാഗത്തിൽ എങ്ങനെയാണ് പെരുമാൾ എന്ന മാവോയിസ്റ്റ് നേതാവ് രൂപം കൊണ്ടതെന്നും അതിന്റെ കാര്യ കാരണങ്ങളുമാവും പ്രമേയമാക്കുക.