‘ഗുരുവായൂര്‍ അമ്പലനടയില്‍’ ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ ഭീഷണി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് കഴിഞ്ഞ ദിവസം പൃഥ്വിരാജിനെതിരെ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതീഷ് വിഎച്ച്പിയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ വ്യക്തമാക്കിയത്. അനാവശ്യമായി വിശ്വ ഹിന്ദു പരിഷത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ വ്യക്തമാക്കി.
ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളത്. എന്ത് സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെ എന്നാണ് തങ്ങളുടെ നിലപാട്. സിനിമ വന്നതിന് ശേഷം അതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ആ സമയത്ത് പ്രതികരിക്കും.
അതല്ലാതെ നിലവിലെ വിവാദവുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരു വിധ ബന്ധവുമില്ല. അനാവശ്യമായി വിശ്വ ഹിന്ദു പരിഷത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് പ്രതിഷേധാര്‍ഹമാണ് എന്നാണ് വിഎച്ച്പി അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.
പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത ‘വാരിയംകുന്ന’നെ ഒന്നോര്‍ത്താല്‍ മതി എന്നായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി.