ഭരണകൂട ഭീകരതയുടെ നേർസാക്ഷ്യം മുൻപും വെട്രിമാരൻ തന്റെ സിനിമകളിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്. എം. ചന്ദ്രകുമാറിന്റെ ‘ലോക്കപ്പ്’ എന്ന നോവലിനെ ആസ്പദമാക്കി 2016-ൽ വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വിസാരണൈ’. 72മത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ആംനെസ്റ്റി ഇന്റർനാഷണൽ ഇറ്റാലിയ അവാർഡ് ലഭിച്ചിരുന്നു. കൂടാതെ ആ വർഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയായിരുന്നു ചിത്രം.
പൊലീസ് എന്ന ഭരണകൂടത്തിന്റെ മർദ്ധനോപകരണം എങ്ങനെയാണ് ബഹുജനങ്ങളെ വേട്ടയാടുന്നതെന്നും, ഭരണകൂട ഭീകരത എന്നത് എത്രത്തോളം വയലൻസ് നിറഞ്ഞതാണെന്നും സിനിമ സംസാരിക്കുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്ക് തൊഴിലന്വേഷിച്ച് പോയ കുടിയേറ്റ തൊഴിലാളികളായ പാണ്ടി, മുരുകന്‍, അഫ്‌സല്‍, കുമാര്‍ എന്നീ നാല് യുവാക്കളെ മോഷണകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്യുകയും അതിനെതുടര്‍ന്ന് അവര്‍ നേരിടേണ്ടി വരുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളും അതിന്റെ തുടര്‍ച്ചകളുമാണ് ചിത്രം സംസാരിക്കുന്നത്.
വിജയ് സേതുപതിയെയും സൂരിയെയും പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ’ സംസാരിച്ചതും അത്തരമൊരു ഭരണകൂട ഭീകരതയെ കുറിച്ചാണ്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം കഴിഞ്ഞ വർഷം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.
വാദ്യാർ എന്നറിയപ്പെടുന്ന പെരുമാൾ എന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി തദ്ദേശീയ ജനവിഭാഗങ്ങളായ ആദിവാസികൾക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും, പുതുതായി പൊലീസ് സേനയിൽ ചേർന്ന യുവാവിന്റെ മാനസിക സംഘർഷങ്ങളുമാണ് വിടുതലൈ ആദ്യ ഭാഗത്തിൽ ചർച്ച ചെയ്തത്. രണ്ടാം ഭാഗത്തിൽ എങ്ങനെയാണ് പെരുമാൾ എന്ന മാവോയിസ്റ്റ് നേതാവ് രൂപം കൊണ്ടതെന്നും അതിനു പിന്നിലെ രാഷ്ട്രീയവുമായിരിക്കും ചിത്രം ചർച്ച ചെയ്യുന്നത്. മഞ്ജു വാര്യരും ചിത്രത്തിലുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പ്രശസ്ത തമിഴ്- മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ ‘തുനൈവൻ’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ജയമോഹനും വെട്രിമാരനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.ഇളയരാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അടുത്ത വർഷം ആദ്യം ചിത്രം ഇന്ത്യയിൽ തിയേറ്റർ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടുകയും ചെയ്തു. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ വേൾഡ് പ്രീമിയറിന് ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രദർശനത്തിന് ശേഷം 5 മിനിറ്റോളം കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചുകൊണ്ടാണ് ചിത്രത്തിന് ആദരം നേർന്നത്.
നിർമ്മാതാവ് കലൈപുലി എസ് താണു ആണ് റോട്ടർഡാമിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെല്ലിക്കെട്ട് പ്രമേയമാവുന്ന സി. എസ് ചെല്ലപ്പയുടെ വാടിവാസൽ എന്ന നോവലിനെ ആസ്പദമാക്കി സൂര്യ നായകനാവുന്ന ‘വാടിവാസൽ’ എന്ന ചിത്രമാണ് വെട്രിമാരന്റേതായി അടുത്തതായി വരാനിരിക്കുന്നത്.