വിജയ് സേതുപതി, സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വിടുതലൈ പാർട്ട് 1’. ഭരണകൂട ഭീകരതയുടെ നേർസാക്ഷ്യം വെള്ളിത്തിരയിലേക്ക് പകർത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് നിരവധി പ്രശംസകളാണ് കിട്ടിയത്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിപ്പിലാണ് സിനിമലോകം. പ്രശസ്ത തമിഴ്- മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ തുനൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ജയമോഹനും വെട്രിമാരനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ഇപ്പോഴിതാ ‘വിടുതലൈ പാർട്ട് 2’ ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
വിജയ് സേതുപതിയുടേതായി ഒരു ഭാഗം മാത്രമേ ഇനി ഷൂട്ടിങ് ബാക്കിയൊളളൂ. അത് കുറച്ചുമാസങ്ങൾ കൊണ്ട് തന്നെ പൂർത്തിയാവുമെന്നും അടുത്ത വർഷം പകുതിയോട് കൂടി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ വിജയ് സേതുപതിയുടെ ഭാര്യയായി മലയാളത്തിൽ നിന്നും മഞ്ജു വാര്യരാണ് എത്തുന്നത്. നേരത്തെ വെട്രിമാരന്റെ അസുരൻ എന്ന ചിത്രത്തിലും മഞ്ജു വാര്യർ വേഷമിട്ടിരുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാൻ മൂടൽമഞ്ഞുള്ള ലൊക്കേഷനാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഏകദേശം 100 ദിവസത്തോളം ഷൂട്ട് ചെയ്തിട്ടും വെട്രിമാരന്റെ മനസിലുള്ള തരത്തിൽ ഷോട്ടുകൾ ലഭിക്കാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സിജിഐ ഉപയോഗിച്ച് കൃത്രിമമായി മൂടൽമഞ്ഞ് സൃഷ്ടിക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് വെട്രിമാരൻ.
കൂടാതെ ഡീ-ഏജിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിജയ് സേതുപതിയുടെയും മഞ്ജുവാര്യരുടെയും യൗവനകാലവും ചിത്രത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇളയരാജ തന്നെയാണ് രണ്ടാം ഭാഗത്തിനുവേണ്ടിയും സംഗീതം നൽകുന്നത്.