അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും. അജിത്ത് ചിത്രത്തില്‍ നിന്നും വിഘ്നേഷിനെ മാറ്റിയതോടെ കഷ്ടകാലമാണ് താരങ്ങള്‍ക്ക് എന്നാണ് വിവരം. അജിത്തിന്റെ 62-ാമത്തെ സിനിമയില്‍ നിന്നാണ് വിഘ്നേഷിനെ മാറ്റിയത്. ഇതിന് പിന്നാലെ അജിത്തിന്റെ 63-ാം ചിത്രം വിഘ്നേഷ് സംവിധാനം ചെയ്യും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അജിത്തിന്റെ 62-ാം ചിത്രം മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുക. സിനിമയുടെ പ്രീ-പ്രൊഡക്ഷനായി വിഘ്നേഷ് ശിവന് ഏകദേശം 6 മാസത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ അജിത്തിനെയും നിര്‍മ്മാതാക്കളെയും തൃപ്തരാക്കാന്‍ അദ്ദേഹത്തിന് കഴിയാത്തതിനാലാണ് സംവിധാന സ്ഥാനത്ത് നിന്നും മാറ്റിയത് എന്ന റിപ്പോര്‍ട്ടുകള്‍ ആയിരുന്നു പുറത്തു വന്നത്. ഇതിന് പിന്നാലെ ഇനി അജിത്ത് സിനിമകളില്‍ അഭിനയിക്കില്ലെന്ന് നയന്‍താര പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
അജിത്തിനൊപ്പം താന്‍ സിനിമ ചെയ്യുന്നില്ലെന്നും മഗിഴ് തിരുമേനി സംവിധായകന് ആയതില്‍ താന്‍ സന്തോഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവന് ഇപ്പോള്‍. ”എകെ 62 എനിക്ക് നിരാശയാണ് സമ്മാനിച്ചത്. അജിത്ത് സാറിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ നിര്‍മ്മാതാക്കള്‍ തൃപ്തരായിരുന്നില്ല. അജിത്ത് സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ മഗിഴ് തിരുമേനിക്ക് അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് അദ്ദേഹത്തിന് ഒരു വഴിത്തിരിവാകും. ഒരു ആരാധകന് എന്ന നിലയില്‍ ഞാനും ആ സിനിമ ആസ്വദിക്കാന്‍ പോവുകയാണ്” എന്നാണ് വിഘ്നേഷ് ശിവന്റെ പ്രതികരണം.
അതേസമയം, കഴിഞ്ഞ വര്‍ഷം മെയ്യില്‍ ആയിരുന്നു വിഘ്നേഷിനെ സംവിധായകനാക്കി എകെ 62 പ്രഖ്യാപിച്ചിരുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് വിഘ്നേഷിനെ മാറ്റി മഗിഷ് തിരുമേനിയെ സംവിധായകനാക്കി എന്ന വിവരം പുറത്തു വന്നത്. എന്നാല്‍ എകെ62വിനെ കുറിച്ചുള്ള മറ്റ് അപ്ഡേറ്റുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
2022ല്‍ പുറത്തിറങ്ങിയ ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന സിനിമയാണ് വിഘ്നേഷ് ശിവന്റെ സംവിധാനത്തില്‍ ഒടുവില്‍ റിലീസ് ചെയ്തത്. നയന്‍താരയുടെതായി ബോളിവുഡ് ചിത്രം ‘ജവാന്’ ആണ് ഇനി റിലീസിന് ഒരുങ്ങുന്നത്. ജൂണ്‍ 2ന് ആണ് സിനിമയുടെ റിലീസ്. താരവും ആരാധകരും ഒരുപോലെ പ്രതീക്ഷിച്ചിരിക്കുന്ന സിനിമയാണിത്. കാരണം അടുത്തിടെ ഇറങ്ങിയ നയന്‍താര സിനിമകള്‍ എല്ലാം തന്നെ പ്രതീക്ഷിച്ചത്ര വിജയം നേടിയിരുന്നില്ല.
‘മൂക്കുത്തി അമ്മന്‍’, ‘നെട്രിക്കണ്‍’, ‘ഒ2’, ‘ഗോള്‍ഡ്’, ‘കണക്ട്’ തുടങ്ങി നയന്‍താര കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയിച്ച ഭൂരിഭാഗം സിനിമകളും അധികം ശ്രദ്ധ നേടിയില്ല. ഇതോടെ നടിയുടെ താരമൂല്യം ഇടിയുകയാണെന്നും അതിനെ തുടര്‍ന്ന് രണ്ട് സിനിമകളില്‍ നിന്നും നടിയെ പുറത്താക്കി എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. എന്നാല്‍ ഉയിരും ഉലകും വന്നതോടെ പ്രശ്നങ്ങള്‍ എല്ലാം പൊസിറ്റീവായി എടുത്ത്, സന്തോഷത്തിലാണ് നയന്‍താരയും വിഘ്നേഷും.