സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇന്നലെ 10.20ന് ആണ് മരണം സംഭവിച്ചത്.
സംവിധായകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു സങ്കടം പങ്കുവച്ചു. “”ഒരു ആയുഷ്‌ക്കാലത്തേക്കുള്ള ഓര്‍മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവന്‍ പോയി…. നമ്മുടെ സൂഫി.. നിനക്കുവേണ്ടി ഞങ്ങളുടെ പരമാവധി ശ്രമിച്ചു ഷാനൂ, ഒരുപാട് സ്‌നേഹം”” എന്നാണ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്. 2015-ല്‍ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. ചിത്രം നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. സൂഫിയും സുജാതയും ആണ് ഷാനവാസിന്റെ രണ്ടാമത്തെ ചിത്രം.
കോവിഡ് പശ്ചാത്തലത്തില്‍ ഒ.ടി.ടി. റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മാണം. മൂന്നാമത്തെ സിനിയുമായി ബന്ധപ്പെട്ട ജോലികള്‍ അട്ടപ്പാടിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് കോയമ്പത്തൂരുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.