അല്ലുവിനെ സമാധാനിപ്പിക്കാന്‍ നേരിട്ടെത്തി തെലുങ്ക് താരങ്ങള്‍; വീഡിയോ

അല്ലു അര്‍ജുനെ നേരില്‍ കണ്ട് സമാധാനിപ്പിക്കാനായി താരത്തിന്റെ വസതിയില്‍ എത്തി വിജയ് ദേവരകൊണ്ട, നാഗചൈതന്യ, റാണ, പ്രഭാസ് അടക്കമുള്ള താരങ്ങള്‍. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ വസതിയിലാണ് താരങ്ങള്‍ എത്തിയത്. ശനിയാഴ്ച്ച രാവിലെയാണ് അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്റെ പിന്നിലെ ഗേറ്റ് വഴിയാണ് അല്ലു അര്‍ജുനെ പുറത്തിറക്കിയത്. പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡിയും അല്ലുവിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു. വീടിന് പുറത്ത് സഹോദരന്‍ അല്ലു സിരീഷും ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളും അല്ലുവിനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

കെട്ടിപ്പിടിച്ച് സന്തോഷക്കണ്ണീരോടെയാണ് സ്‌നേഹ അല്ലുവിനെ സ്വീകരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്. അല്ലു അര്‍ജുനൊപ്പം സംഭവം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്റര്‍ ഉടമകളും ജയില്‍ മോചിതരായി. ഇവര്‍ക്കും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും അല്ലു അര്‍ജുനൊപ്പം വിട്ടയച്ചു.

തെലങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് വൈകി എത്തിയ പശ്ചാത്തലത്തിലാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ഏകദേശം രാത്രി 11 മണിയോടെയാണ് ഇടക്കാല ജാമ്യ ഉത്തരവ് ചഞ്ചല്‍ഗുഡ ജയില്‍ സൂപ്രണ്ടിന് ലഭിച്ചത്. തടവുപുള്ളികളെ രാത്രി വൈകി മോചിതരാക്കാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നില്ല. ജയിലിലെ എ1 ബാരക്കിലാണ് അല്ലു ഒരു രാത്രി കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നാലാഴ്ച്ചത്തെ ജാമ്യം നല്‍കിയത്.