വിജയ് ദേവരകൊണ്ടയുടെ കരയറിലെ ബിഗ്ഗെസ്റ്റ് ഫ്‌ളോപ്പുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ‘ദ ഫാമിലി സ്റ്റാര്‍’. തിയേറ്ററില്‍ കനത്ത പരാജയം നേടിയ ചിത്രം ഒ.ടി.ടിയില്‍ എത്തിയതോടെ കനത്ത രീതിയില്‍ വിമര്‍ശനം നേരിടുകയാണ്. ഏപ്രില്‍ 5ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം 20 ദിവസങ്ങള്‍ക്കുള്ളിലാണ് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.
ചിത്രത്തിലെ ‘റേപ്പ് ഭീഷണി’ക്കെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ കഥാപാത്രം ഗോവര്‍ദ്ധന്‍ ഒരു വില്ലന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണികള്‍ നല്‍കുന്നതാണ് വിമര്‍ശിക്കപ്പെടുന്നത്.
ഫാമിലി സ്റ്റാര്‍ എന്ന് പേരിട്ട് മാസ് കാണിക്കാന്‍ വീട്ടിലെ സ്ത്രീകളെയൊക്കെ വച്ച് ഡയലോഗ് എഴുതാമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഗോവര്‍ദ്ധന്റെ അനിയത്തിയോട് മോശമായി പെരുമാറിയ ഗുണ്ടകളെ അടിച്ചൊതുക്കിയ ശേഷം പ്രധാന ഗുണ്ടയുടെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് പരോക്ഷ ഭീഷണി നല്‍കുകയും ചെയ്യുന്നതാണ് രംഗം.
ഈ രംഗത്തിന് തൊട്ടുമുമ്പ്, ഗോവര്‍ദ്ധന്‍ സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് പറയുന്നുണ്ട് എന്നതാണ് രസകരം. ഈ രംഗത്തിന് കനത്ത രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളുമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പേര് തന്നെ കോമഡിയാക്കി എന്നാണ് പലരും പറയുന്നത്.
തെലുങ്ക് സിനിമയില്‍ ഇത് സാധാരണമാകും എന്നാല്‍ റേപ്പ് ഭീഷണി വച്ചല്ല ഫാമിലി സ്റ്റാറായ നായകന്‍ മാസ് കാണിക്കേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിജയ് ദേവരകൊണ്ടയോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.