വിജയ് ദേവരകൊണ്ട ചിത്രം ‘ഫാമിലി സ്റ്റാറി’നെതിര സംഘടിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന്റെ പേരിലും പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
നടന്റെ ഫാന്‍ ക്ലബ്ബ് പ്രസിഡന്റും മാനേജരുമാണ് താരത്തിന്റെ സിനിമകള്‍ക്കെതിരെ നിരന്തരമായി നെഗറ്റീവ് ഓണ്‍ലൈന്‍ ക്യാംപെയ്നുകള്‍ നടക്കുന്നതായി ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയെന്നും, വ്യാജ പ്രചരണം നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുക്കുമെന്നും താരത്തിന്റെ പ്രതിനിധി എക്‌സിലൂടെ അറിയിച്ചു.
നടനെതിരെ നെഗറ്റീവ് ക്യാംപെയ്‌നുകള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെയും അക്കൗണ്ടുകളുടെയും വിവരങ്ങളും, സ്‌ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടെയാണ് വിജയ് ദേവരകൊണ്ടയുടെ മാനേജര്‍ അനുരാഗ് പര്‍വ്വതനേനിയും, ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിശാന്ത് കുമാറും പരാതി രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, നിര്‍മ്മാതാക്കളുടെ പരാതിയില്‍ ചിത്രത്തിനെതിരെ ആക്രമണം നടത്തിയ വ്യാജ യൂസര്‍ ഐഡികള്‍ കണ്ടെത്താന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇത്തരം സംഘടിത ആക്രമണം പതിവാണെന്നാണെന്നും ഈയടുത്ത് പുറത്തിറങ്ങിയ ‘ഗാമി’, ഹനുമാന്‍’ എന്നീ ചിത്രങ്ങളും സംഘടിത ആക്രമണം നേരിട്ടുവെന്നും നിര്‍മാതാക്കള്‍ പറയുന്നുണ്ട്.
വിജയ് ദേവരകൊണ്ടയുടെ ‘ഗീതാഗോവിന്ദം’ സിനിമയുടെ സംവിധായകനായ പരശുറാം ആണ് ഫാമിലി സ്റ്റാറും ഒരുക്കിയത്. എന്നാല്‍ വിജയ്ക്ക് ഹൈയെസ്റ്റ് ഗ്രോസ് സമ്മാനിച്ച സംവിധായകന്‍ ഇപ്പോള്‍ ഒരു അബദ്ധം സൃഷ്ടിച്ചു എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്നത്.