ലിപ്‌ലോക്കും സ്‌റ്റൈലും തിയേറ്ററില്‍ ഓടുന്നില്ല, ഇനി ചരിത്ര സിനിമയുമായി വിജയ് ദേവരകൊണ്ട; ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രവുമായി താരം

തുടര്‍ച്ചയായി ഫ്‌ളോപ്പ് ചിത്രങ്ങളാണ് വിജയ് ദേവരകൊണ്ടയുടെ കരിയറില്‍ നിലവിലുള്ളത്. ‘അര്‍ജുന്‍ റെഡ്ഡി’, ‘ഗീതാഗോവിന്ദം’ എന്നീ സിനിമകള്‍ ഒഴിച്ചാല്‍ വലിയ ഹിറ്റുകളൊന്നും ദേവരകൊണ്ടയുടെ കരിയറില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഖുഷി’ ലാഭം നേടിയെങ്കിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല.

ഈ വര്‍ഷം റിലീസ് ചെയ്ത ‘ദ ഫാമിലി സ്റ്റാര്‍’ എന്ന ചിത്രം വന്‍ പരാജയമായിരുന്നു. 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 19.78 കോടി രൂപ മാത്രമാണ് നേടാനായത്. പരാജയങ്ങളെ തുടര്‍ന്ന് താരത്തിന് പലപ്പോഴും പ്രതിഫലത്തിന്റെ പകുതി നിര്‍മ്മാതാക്കള്‍ക്ക് മടക്കി നല്‍കേണ്ടിയും വന്നിട്ടുണ്ട്.

ഇതോടെ കരിയറില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ടാക്‌സിവാല എന്ന ചിത്രത്തിന് ശേഷം വിജയ് ദേവരക്കൊണ്ടയും സംവിധായകന്‍ രാഹുല്‍ സംകൃതനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കണ്‍സെപ്റ്റ് പോസ്റ്റര്‍ ആണ് പുറത്തുവന്നിരിക്കുന്നത്.

Image

കഴിഞ്ഞ ദിവസം ദേവരകൊണ്ടയുടെ ജന്മദിനത്തിലാണ് പോസ്റ്റര്‍ എത്തിയത്. വിഡി14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ‘ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം’ എന്ന അടിക്കുറിപ്പോടെ മഹാവ്യാധി നേരിടേണ്ടി വന്ന ഒരു നാടിന്റെ പശ്ചാത്തലത്തില്‍ ഒരു യോദ്ധാവിന്റെ ശില്‍പവും അടങ്ങുന്നതാണ് പോസ്റ്റര്‍.

1854-78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. പത്തൊമ്പതാം നൂറ്റാണ്ടില്‍ ചരിത്രത്തില്‍ ഇടംനേടാന്‍ സാധിക്കാതെ പോയ ചില ചരിത്ര സംഭവങ്ങളാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം.

Read more