തമിഴക വെട്രി കഴകം എന്ന പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ താൻ അഭിനയ ജീവിതം നിർത്തുകയാണ് എന്ന വിജയ്‌യുടെ തീരുമാനം തെന്നിന്ത്യൻ സിനിമയിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചിരുന്നു.
അതുകൊണ്ട് തന്നെ ‘ദളപതി 69’ എന്ന ടാഗ് ലൈനിൽ ഇറങ്ങുന്ന സിനിമ വിജയ്‌യുടെ അവസാന ചിത്രമായിരിക്കുമെന്നും ഏകദേശം ഉറപ്പായി. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി വിജയ് കൈപ്പറ്റുന്നത് വമ്പൻ പ്രതിഫലമാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
250 കോടി രൂപയാണ് ചിത്രത്തിൽ വിജയ്ക്ക് പ്രതിഫലമെന്നാണ് പറയുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന പ്രതിഫലം കൂടിയാണ് ഇത്.
അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന ചിത്രത്തിലാണ് ഇപ്പോൾ വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോഗി ബാബു, വിടിവ ഗണേഷ്, തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എ. ജി. എസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ദളപതി 68 നുണ്ട്.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലുള്ള ചിത്രത്തിന് വേണ്ടി വിര്‍ച്വൽ പ്രൊഡക്‌ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദർശിച്ചതും വാർത്തകളിലിടം നേടിയിരുന്നു.