'വലിമൈ'യെ പിന്നിലാക്കി 'ബീസ്റ്റ്'; ആദ്യ ദിനം റെക്കോഡ് കളക്ഷന്‍

ഇന്നലെ റിലീസിന് എത്തിയ വിജയ് ചിത്രം ബീസ്റ്റ് ആദ്യ ദിനം നേടിയത് റെക്കോഡ് കളക്ഷനെന്ന് റിപ്പോര്‍ട്ട്. അജിത്തിന്റെ ‘വലിമൈ’യെ ബീസ്റ്റ് കടത്തിവെട്ടിയതായാണ് വിവരം. നിലവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ‘ബീസ്റ്റ്’ തമിഴ്നാട്ടില്‍ മാത്രം 30 മുതല്‍ 35 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയൊട്ടാകെയുളള കണക്ക് പ്രകാരം 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷന്‍ കുതിക്കുമെന്നും പറയപ്പെടുന്നുണ്ട്. വലിമൈ ആദ്യദിനത്തില്‍ 30 കോടി രൂപയാണ് കളക്ട് ചെയ്തിരുന്നത്. രജനികാന്തിന്റെ അണ്ണാത്തെ, വിജയ് ചിത്രം മാസ്റ്റര്‍ എന്‍ സിനിമകളുടെ റെക്കോര്‍ഡും വലിമൈ തകര്‍ത്തിരുന്നു. ഇതാണ് ബീസ്റ്റിന്റെ വരവിലൂടെ തകരുന്നത്.

എന്നാല്‍ ‘കെജിഎഫ് 2’ റിലീസാകുന്നതോടെ ബീസ്റ്റിന്റെ ബോക്സ് ഓഫീസ് റണ്ണില്‍ ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് റിലീസിനെത്തിയ കെജിഫ് 2വിന് മികച്ച പ്രതികരണമാണ് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്. ഇത് ബീസ്റ്റിന്റെ റണ്ണിനെ ദോഷകരമായി തന്നെ ബാധിക്കുമെന്നുറപ്പായി.

Read more

ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രത്തിന് നിലവില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.