ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ലോകേഷ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ‘ലിയോ’ നടത്തികൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ ആയിരുന്നു ലിയോക്ക് ലഭിച്ചത്. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ലിയോയുടെ കുതിപ്പ്.
ഇപ്പോഴിതാ നാലുദിവസം കൊണ്ട് 48.5 മില്ല്യൺ ഡോളറാണ് (400 കോടി രൂപ) വേൾഡ് വൈഡ് കളക്ഷനായി ലിയോ നേടിയത്. ലിയനാർഡോ ഡികാപ്രിയോയെ നായകനാക്കി മാർട്ടിൻ സ്കോർസസെ സംവിധാനം ചെയ്ത ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന ചിത്രത്തിന്റെ കളക്ഷനെയാണ് ലിയോ ആഗോള ബോക്സ്ഓഫീസിൽ പിന്നിലാക്കിയിരിക്കുന്നത്. അമേരിക്കൻ മാഗസിനായ “വെറൈറ്റി’യാണ് എക്സിൽ കണക്കുകൾ പങ്കുവെച്ചിരിക്കുന്നത്. 44 മില്ല്യൺ ഡോളറാണ് കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ ഇതുവരെ നേടിയത്.
ആദ്യ ദിവസം മാത്രം 145 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷൻ ആയി ലിയോ നേടിയത്. ഇത് നിലവിലുള്ള മറ്റെല്ലാ തെന്നിന്ത്യൻ സിനിമകളേക്കാളും വളരെയേറെ മുന്നിലാണ്. എല്ലാ തിയേറ്ററുകളിലും ഹൌസ്ഫുൾ ഷോകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്.