കോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച് വിജയ് ചിത്രം ‘ഗില്ലി’യുടെ റീ റിലീസ്. 16 വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തിയ ചിത്രം ഗംഭീര കളക്ഷനാണ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിയേറ്ററുകളില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 20ന് റീ റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 20 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ രാജ്യത്ത് റീ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം പണം വാരിയവയില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗില്ലി. ടൈറ്റാനിക്, ഷോലൈ, അവതാര്‍ എന്നീ സിനിമകളാണ് പട്ടികയില്‍ മുന്നിലുള്ളത്. 2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്.
Weekdays?
Who cares 🥳It’s #Ghilli mania everywhere in theatres 😎#GhilliReRelease pic.twitter.com/duvw9bpLsy
— Vijay Fans Trends 🐐 (@VijayFansTrends) April 24, 2024
എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‌യുടെ ആദ്യ സിനിമ കൂടിയായിരുന്നു. റീ റിലീസ് ചെയ്ത ചിത്രം വീണ്ടും പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ 50 കോടി എന്ന ആദ്യത്തെ നേട്ടം മറികടന്നേക്കാം എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.
തമിഴ്‌നാട്ടില്‍ മാത്രം 320 തിയേറ്ററുകളിലാണ് ഗില്ലി എത്തിയത്. ആദ്യ ദിവസം 4.25 കോടിയാണ് ചിത്രം നേടിയത്. ഇതുവരെ 10 കോടി രൂപ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയിട്ടുണ്ട്. ആഗോളതലത്തില്‍ ചിത്രം മൊത്തം 20 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.