തമിഴകം വീണ്ടും പിടിച്ചെടുക്കാന്‍ ഒരുങ്ങി വിജയ് ചിത്രത്തിന്റെ റീ റിലീസ്. വിജയ്യുടെ ‘ഗില്ലി’ എന്ന സിനിമയാണ് 20 വര്‍ഷത്തിന് ശേഷം വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 20ന് ആണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. വിജയ്യുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗില്ലിക്ക് വന്‍വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത് എന്നാണ് സൂചനകള്‍.
ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്‍പ്പനയുടെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഗില്ലിയുടെ 55520 ടിക്കറ്റുകളാണ് ഇതിനോടകം വിറ്റിരിക്കുന്നത്. 2004ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് 50 കോടി കളക്ഷന്‍ നേടിയിരുന്നു. വിജയ് എന്ന നടനില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള യാത്രയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച ചിത്രമാണ് ഗില്ലി.
ധരണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. പ്രകാശ് രാജ്, തൃഷ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. 4k ക്വാളിറ്റിയില്‍ റീമാസ്റ്റേഡ് വേര്‍ഷന്‍ ആണ് തിയേറ്ററുകളില്‍ എത്തുക. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് ഗില്ലി റീ റിലീസ് ചെയ്യുന്നത്. ഗില്ലി മാത്രമല്ല, നിരവധി തമിഴ് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററിലെത്തുന്നുണ്ട്. കാര്‍ത്തിയുടെ രണ്ട് സിനിമകളാണ് തമിഴ്നാട്ടില്‍ റീ റിലീസ് ചെയ്യുന്നത്. 2007ല്‍ പുറത്തിറങ്ങിയ ‘പരുത്തിവീരന്’, 2010ല്‍ പുറത്തിറങ്ങിയ ‘പയ്യ’ എന്നീ സിനിമകള്‍ റീ റിലീസ് ചെയ്യുന്നുണ്ട്.
സൂര്യയുടെ പരാജയ ചിത്രം ‘അഞ്ചാന്’, മണിരത്നത്തിന്റെ ‘രാവണ്‍’ എന്നീ ചിത്രങ്ങളും വീണ്ടും റിലീസ് ചെയ്യുന്നുണ്ട്. ചിമ്പുവിന്റെ ‘വിണ്ണൈതാണ്ടി വരുവായ’, അജിത്തിന്റെ ‘ബില്ല’, ‘കാതല്‍ മന്നന്’, ‘മിന്‍സാര കനവ്’ എന്നീ സിനിമകളും റീ റിലീസ് ചെയ്തിരുന്നു.