രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പരസ്യമായി നിലപാട് എടുത്ത താരമാണെങ്കിലും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോഴും ചര്‍ച്ചയാവാറുണ്ട്. താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനകള്‍ അടുത്തിടെ വീണ്ടും പ്രചരിച്ചിരുന്നു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞെങ്കിലും വിജയ് മക്കള്‍ ഈയക്കം എന്ന ആരാധക കൂട്ടായ്മയുടെ പാര്‍ട്ടി താരത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിജയ്യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെ കുറിച്ച് പഠിക്കാന്‍ സര്‍വേ ആരംഭിച്ചിരിക്കുകയാണ് വിജയ് മക്കള്‍ ഈയക്കം ഇപ്പോള്‍.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സര്‍വേ നടത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍, നിര്‍ണായക സ്വാധീനമുള്ള വ്യക്തികള്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി തിരഞ്ഞെടുപ്പില്‍ വിജയികളായവരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
പ്രത്യേക ഫോം നല്‍കിയാണ് സംഘടനാംഗങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തില്‍ സംഘടനയുടെ ജില്ലാ യോഗങ്ങള്‍ തുടങ്ങി. സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ത്ത് വിജയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് നീക്കങ്ങള്‍. തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ ബിജെപി തീവ്രശ്രമം നടത്തുമ്പോഴാണ് വിജയ്‌യും രാഷ്ട്രീയ സാധ്യത തേടുന്നത്. തന്റെ സിനിമകളിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിജയ് വിമര്‍ശനം ഉന്നയിക്കാറുണ്ട്. അതിനെ തുടര്‍ന്ന് താരം എതിര്‍പ്പും നേടിയിരുന്നു.
തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയുമായും പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ വിജയ് നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസാമി വിജയ്‌യെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. മുതിര്‍ന്ന പല നേതാക്കളോടും താരം ഉപദേശം തേടിതായും റിപ്പോര്‍ട്ടുണ്ട്.