റിച്ച് കുടുംബത്തില്‍ നിന്നൊരു 'രക്ഷകന്‍'; വാരിസ് ട്രെയ്‌ലറിലെ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോ?

നല്ലൊരു റിച്ച് കുടുംബത്തിലെ അടിച്ചുപൊളിച്ചു നടക്കുന്ന ഇളയമകന്‍, ചേഞ്ച് ഉണ്ടോ എന്ന് ചോദിക്കുന്നവരോട് ചേഞ്ച് ഇല്ല.. എന്ന് തന്നെ പറയേണ്ടി വരും. വാരിസ് ട്രെയ്‌ലര്‍ ആഘോഷമാക്കി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം പുറത്തുവിട്ട വാരിസിന്റെ ട്രെയ്‌ലര്‍ 20 മില്യണ്‍ വ്യൂസ് നേടി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്.

സ്ഥിരം പാറ്റേണും ശൈലിയുമായാണ് വിജയ് വരുന്നതെങ്കിലും നടന്റെ ആരാധകരെ മാത്രമല്ല കുടുംബ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയാകും വാരിസ് എന്നൊരു ഉറപ്പ് ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. വംശി പൈഡിപ്പള്ളിയുടെ മുന്‍ സിനിമകള്‍ പോലെ തന്നെ ഒരു റിച്ച് കുടുംബം ബേസ് ചെയ്ത കഥ. ‘യേദാവു’, ‘തോഴ’ എന്നീ വംശി സിനിമകള്‍ പോലെ തന്നെ സൗഹൃദത്തിന്റെയും കുടുംബ ബന്ധത്തിന്റെയും ആഴം വാരിസിലും കാണാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. വംശി പൈഡിപ്പള്ളി നാഷണല്‍ അവാര്‍ഡ് നേടിയ സിനിമ ‘മഹര്‍ഷി’യുടെ ചില എലമെന്റുകളും ട്രെയ്‌ലറില്‍ കാണാം. ബിസിനുസുകാരനായ നായക കഥാപാത്രം ഇപ്പോള്‍ വംശി സിനിമകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്.

വളര്‍ത്തച്ഛന്റെ മരണത്തെ തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. വിജയ് എന്നാല്‍ കുടുംബത്തിനും നാട്ടുകാര്‍ക്കും ജീവനാണ്, തിരിച്ച് വിജയ്ക്കും.. പിന്നെ കുറച്ച് സെന്റിമെന്റല്‍, കോമഡി, ഒരു കളര്‍ ഫുള്‍ സോംഗ്. കുടുംബത്തിനും കമ്പനിക്കും പ്രശ്‌നം വന്നപ്പോള്‍ ബിസിനെസ് നോക്കി നടത്താന്‍ വിജയ് വരുന്നു… ഇടക്ക് ചെറിയ പ്രണയം, അടിച്ചുപൊളി, പ്രശ്‌നങ്ങള്‍ നേരിടുന്നു. ഓപ്പോസിറ്റ് കമ്പനി ഇവരുമായി മത്സരിച്ച് തോല്‍ക്കുന്നു. അവസാനം ഇവരെ ജയിക്കാനാവില്ല എന്ന് മനസിലാക്കുന്നു. അങ്ങനെ വിജയ് പ്രശ്‌നങ്ങള്‍ എന്നെന്നേക്കുമായി തീര്‍ക്കുന്നു… ‘എയ് നീയാണ് ഞങ്ങള്‍ക്ക് എല്ലാം’ എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു..

ആരാധകര്‍ മാത്രമല്ല ട്രോളന്‍മാരും ട്രെയ്‌ലര്‍ ഏറ്റെടുത്തിട്ടുണ്ട്. നല്ല ഫ്രഷ് കഥ എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. വിജയ് സിനിമകളെ സംബന്ധിച്ച് രക്ഷകന്‍ സ്റ്റൈലിലുള്ള കഥാപാത്രങ്ങളാണ് കോര്‍. 2010ല്‍ പുറത്തിറങ്ങിയ ‘സുര’ സിനിമ മുതലാണ് വിജയ് സിനിമകളിലെ ക്ലീഷേ സംഭവങ്ങള്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. വിജയ്‌യുടെ കരിയറിലെ അമ്പതാമത്തെ സിനിമയാണ് സുര. ഏറെ പ്രതീക്ഷകളോടെയാണ് സുര എത്തിയതെങ്കിലും സിനിമ ഫ്‌ളോപ്പ് ആയിരുന്നു. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആണ് സുര. എന്നാല്‍ പിന്നീട് വന്ന ‘കാവലന്‍’, ‘വേലായുധം’, ‘തുപ്പാക്കി’, ‘ജില്ല’ എന്നീ സിനിമകള്‍ ഹിറ്റുകളായി. എങ്കിലും സ്ഥിരം രക്ഷകന്‍ സ്റ്റൈല്‍ ആണ് ഈ സിനിമകളിലും കാണാന്‍ കഴിഞ്ഞത്. ഈയടുത്ത വര്‍ഷങ്ങളില്‍ എത്തിയ ‘ബിഗില്‍’, ‘മാസ്റ്റര്‍’, ‘ബീസ്റ്റ്’ എന്നീ സിനിമകളില്‍ എല്ലാം ഇതേ രക്ഷകന്‍ റോളുകളിലാണ് വിജയ് വേഷമിട്ടത്.

Read more

അതുകൊണ്ട് തന്നെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ആരാധകര്‍ അടക്കം സിനിമയ്ക്കായി കാത്തിരിക്കുന്നത്. ശരത് കുമാര്‍ ആണ് സിനിമയില്‍ വിജയ്‌യുടെ അച്ഛനായി വേഷമിടുന്നത്. ഒരു പ്രധാന കഥാപാത്രമായി എസ്.ജെ. സൂര്യയും സിനിമയില്‍ എത്തുന്നുണ്ട്. വിജയ്യും എസ്.ജെ. സൂര്യയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് വാരിസ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രകാശ് രാജും വിജയ്യും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാരിസിനുണ്ട്. പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്ണ, സംയുക്ത, യോഗി ബാബു എന്നീ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തും. ജനുവരി 11ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. അജിത്ത് ചിത്രം ‘തുനിവി’നൊപ്പം ക്ലാഷ് റിലീസ് ആയി എത്തുന്നതിനാല്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകരും.