സിനിമയിലെ ദിവസവേതനക്കാര്‍ക്കായി സഹായഹസ്തം നീട്ടി നടന്‍ വിജയ് സേതുപതി. ടെക്നീഷ്യന്‍മാരും ദിവസവേതനക്കാരുമായ സിനിമാപ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ് വിജയ് സേതുപതി. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (FEFSI) എന്ന സംഘടനയ്ക്കാണ് നടന്‍ പണം കൈമാറിയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടം ‘വിജയ് സേതുപതി ടവേഴ്സ്’ എന്ന പേരിലാകും അറിയപ്പെടുക.
വിവിധ സിനിമസംഘടനകള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് ഫെബ്രുവരി 21ന് തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ കൈമാറിയിരുന്നു. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കാണ് ഭൂമി ലഭ്യമാക്കിയത്.
ഇതില്‍ തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ. അതേസമയം, ഗാന്ധി ടോക്‌സ്, ഏസ്, ട്രെയ്ന്‍ എന്നീ സിനിമകളാണ് വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2 ആണ് സേതുപതിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.