തായ്‌വാനിലും 'മഹാരാജ' ചര്‍ച്ചയാകുന്നു; ഒ.ടി.ടിയില്‍ എത്തി മാസങ്ങള്‍ പിന്നിട്ടിട്ടും വിജയ് സേതുപതി ചിത്രം ട്രെന്‍ഡിങ്

വിജയ് സേതുപതി ചിത്രം ‘മഹാരാജ’ തായ്‌വാനിലും ഹിറ്റ്. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് മഹാരാജ. ജൂണ്‍ 18ന് നെറ്റ്ഫ്ളിക്സില്‍ എത്തിയ ചിത്രം തായ്വാനില്‍ ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും 6 ആഴ്ച തുടര്‍ച്ചയായി ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

ഒ.ടി.ടി. റിലീസിന് പിന്നാലെ മറ്റ് പല ഭാഷകളിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിലെ കഥാമുഹൂര്‍ത്തങ്ങളെ കുറിച്ചും വിജയ് സേതുപതി ഉള്‍പ്പടെയുള്ളവരുടെ അഭിനയത്തെ കുറിച്ചുമെല്ലാം തായ്വാനീസ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.

നിതിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ അനുരാഗ് കശ്യപിന്റെ വില്ലന്‍ വേഷവും ശ്രദ്ധേയമായിരുന്നു. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരും പ്രധാന വേഷത്തിലെത്തി. പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തിന്റെ കാരണക്കാരെ തേടി മഹാരാജ ഇറങ്ങുന്നതും, പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിവഞ്ച്- ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നോണ്‍ ലീനിയര്‍ നറേഷനിലൂടെയാണ് നിതിലന്‍ സാമിനാഥന്‍ കഥ പറയുന്നത്.

വിജയ് സേതുപതിയുടെ കരിയറിലെ അന്‍പതാം ചിത്രം കൂടിയാണ് മഹാരാജ. ചിത്രത്തിന് വിജയ് സേതുപതി പ്രതിഫലമൊന്നും കൈപ്പറ്റിയിരുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുന്‍ കരാര്‍ പ്രകാരം ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്നും നല്ലൊരു വിഹിതമാണ് താരത്തിന് ലഭിച്ചത്.