ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നടന്‍ വിജയ് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങുകയാണ് വിജയ്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനാണ് തീരുമാനം. ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം ഇക്കാര്യം തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ചര്‍ച്ച നടന്നു എന്നാണ് വിവരം.
പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളില്‍ തമിഴ്നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. വിജയ് മക്കള്‍ ഇയക്കത്തിന് നിലവില്‍ തമിഴ്‌നാട്ടില്‍ താലൂക്ക് തലങ്ങളില്‍ വരെ യൂണിറ്റുകളുണ്ട്. ഐടി, അഭിഭാഷക, മെഡിക്കല്‍ രംഗത്ത് പോഷകസംഘടനകളുമുണ്ട്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സൗജന്യ ട്യൂഷന്‍ കേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ വിജയ് മക്കള്‍ ഈയക്കം ആരംഭിച്ചിരുന്നു. ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്ടു ക്ലാസുകളില്‍ മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡ് നല്‍കി വിജയ് ആദരിച്ചിരുന്നു.
സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാലകളും വിജയ് മക്കള്‍ ഇയക്കം ആരംഭിച്ചിരുന്നു. 10,000 ഓളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, ക്യാപ്റ്റന്‍ വിജയകാന്തിനെ അവസാനമായി കാണാനെത്തിയ വിജയ്ക്ക് നേരെ ചെരുപ്പേറ് നടന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ തൊട്ടടുത്ത ദിവസം തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി വിജയ് എത്തിയിരുന്നു.