എന്നു നിന്റെ മൊയ്തീന്‍ ചിത്രത്തിന് ശേഷം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന “സൂര്യപുത്ര മഹാവീര്‍ കര്‍ണ”യുടെ ടൈറ്റില്‍ ടീസര്‍ ശ്രദ്ധ നേടുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും നടന്‍ വിക്രം പിന്മാറി എന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മഹാവീര്‍ കര്‍ണയില്‍ വിക്രം നായകനാകും എന്നാണ് സംവിധായകന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ ടീസറില്‍ വിക്രത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെയാണ് പ്രചാരണങ്ങള്‍ ശക്തമായത്. വിക്രം ചിത്രത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആര്‍.എസ് വിമല്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്നും സംവിധായകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം വാശു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഡോ. കുമാര്‍ വിശ്വാസ് ആണ് ചിത്രത്തിന്റെ സംഭാഷണവും അഡിഷനല്‍ സ്‌ക്രീന്‍പ്ലേയും തയ്യാറാക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി നാല് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു കര്‍ണന്‍.
പിന്നീട് വിക്രത്തെ നായകനാക്കി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി കര്‍ണന്‍ ഒരുക്കുന്നുവെന്ന് വിമല്‍ പ്രഖ്യാപിച്ചു. വിക്രത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക ടീസറും പുറത്തിറക്കിയിരുന്നു. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 32 ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്ത് പുറത്തിറക്കും.