കമല്‍ ഹാസന്റെ ‘വിക്രം’ റിലീസ് ചെയ്ത് ഇരുപതാം ദിവസവും തമിഴ് നാട്ടില്‍ ഹൗസ് ഫുള്‍ ആയി മുന്നേറുകയാണെന്ന് റിപ്പോര്‍ട്ട്. ചിത്രം ഉടനെ നാനൂറ് കോടി ക്ലബ്ബിലും ഇടം പിടിക്കും.
ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ‘അണ്‍സ്റ്റോപ്പബിള്‍’ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ അന്‍പത് ദിവസം ഗംഭീരമായി ആഘോഷിക്കാന്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകളും ആരാധകരും ഒരുങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ മാസ്സ് അക്ഷന്‍ ചിത്രമാണ് ‘വിക്രം’. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി ഫഹദ് ഫാസില്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ട്. സൂര്യ ചിത്രത്തിലെ ഒരു നിര്‍ണായക അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കൂടാതെ ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.
കമല്‍ ഹാസന്റെ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമായിരിക്കുകയാണ് ‘വിക്രം’. അടുത്ത ദിവസങ്ങളില്‍ തന്നെ ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടം നേടും. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും ‘വിക്രം’ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം റെക്കോര്‍ഡ് നേടിയത്.
വിജയ് നായകനായ ‘ബിഗില്‍’ ആയിരുന്നു കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ സ്വന്തമാക്കിയ തമിഴ് ചിത്രം. പ്രീ റിലീസ് ബിസിനസ് മാത്രമായി ചിത്രം 100 കോടിയിലധികം നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‌നിക്കാണ്. ജൂലൈ 8ന് സ്ട്രീമിങ് തുടങ്ങും.