'നീ എന്താടാ എന്റെ ഫോട്ടോക്ക് ലൈക്ക് ചെയ്യാത്തത്?'; വികൃതിയുടെ രസകരമായ പുതിയ ടീസര്‍

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വികൃതിയിലെ പുതിയ ടീസര്‍ റിലീസ് ചെയ്തു. സൗബിനും സുധി കോപ്പയും തമ്മിലുള്ള രസകരമായ സംഭാഷണ രംഗമാണ് ടീസറിലുള്ളത്. നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയെ അവതരിപ്പിക്കുക. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയുടെ വേഷമാണ് സൗബിന്‍ കൈകാര്യം ചെയ്യുന്നത്. സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷിമി വേഷമിടുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രമായിട്ടാണ് സുരഭിയും എത്തുന്നത്. ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്,ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുതുമുഖം വിന്‍സിയാണ് നായിക.

Read more

കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ. ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുക. അജീഷ് പി. തോമസ് കഥ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവരാണ് എഴുതുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.