മലയാളി പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള സംവിധായകന്‍.. എങ്കിലും സിനിമയിലെ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളുടെ പേരില്‍ ധാരാളം കളിയാക്കപ്പെട്ടിട്ടുമുണ്ട്. സിനിമാ ലോകത്ത് വിലക്കപ്പെട്ടവരെയും തഴഞ്ഞവരെയും എല്ലാം വച്ച് സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ച സംവിധായകനാണ് വിനയന്‍. വിഷ്വല്‍ എഫെക്ട്സ് ഒന്നും അധികം പുരോഗമിക്കാത്ത കാലത്ത് പോലും പരീക്ഷണ ചിത്രങ്ങളില്‍ അദ്ദേഹം തന്നാല്‍ കഴിയും വിധം സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വിനയന്റെ പരീക്ഷണ ചിത്രങ്ങളില്‍ ഏറെ മികവ് പുലര്‍ത്തിയ സിനിമയായിരുന്നു അത്ഭുദ്വീപ്.
1989ല്‍ ‘ആയിരം ചിറകുള്ള മോഹം’ എന്ന സിനിമയിലൂടെയാണ് വിനയന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ഒരുപാട് പുതുമുഖങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് വിനയന്‍. തന്റെ രണ്ടാമത്തെ സിനിമയായ ‘സൂപ്പര്‍ സ്റ്റാറി’ല്‍ മദനരാജ് എന്ന നടനെ കൊണ്ടുവന്നു. ജയസൂര്യയെയും മണിക്കുട്ടനെയും അവതരിപ്പിച്ച വിനയന്‍ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ കലാഭവന്‍ മണിക്ക് നല്‍കിയ സംവിധായകനാണ്. വിനയന്റെ സിനിമകളിലെ പ്രമേയങ്ങള്‍ നോക്കുകയാണങ്കില്‍ അദ്ദഹത്തിന് യക്ഷി, അമാനുഷികത, ശാരീരിക വൈകല്യമുള്ള നായികാ-നായകന്‍മാര്‍ എന്നീ വിഷയങ്ങളോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ആകാശഗംഗ, വെള്ളി നക്ഷത്രം, യക്ഷിയും ഞാനും, അതിശയന്‍, ഡ്രാക്കുളാ എന്നീ സിനിമകളില്‍ എല്ലാം മുഖ്യ പ്രമേയം യക്ഷിയും അമാനുഷികശക്തികളുമാണ്. അതുപോലെ തന്നെ ശാരീരിക വൈകല്യമുള്ള കഥാപാത്രങ്ങള്‍ എത്തിയ സിനിമകളാണ് ‘ഊമപെണ്ണിന് ഉരിയാടാ പയ്യന്‍’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ ‘കരിമാടിക്കുട്ടന്‍’ എന്നിവ.
2005ല്‍ എത്തിയ അത്ഭുതദ്വീപ് വിനയന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഗിന്നസ് പക്രു അടക്കമുള്ള ഒരുപാട് കുഞ്ഞു മനുഷ്യരെ താരങ്ങളാക്കി മാറ്റി സിനിമയാണ് അത്ഭുതദ്വീപ്. എന്നാല്‍ അത്ഭുതദ്വീപിന് ശേഷം എത്തിയ സംവിധായകന്റെ മിക്ക സിനിമകളും പരാജയങ്ങളായി. 2014ല്‍ പുറത്തിറങ്ങിയ ‘ലിറ്റില്‍ സൂപ്പര്‍മാന്‍’ എന്ന ചിത്രവും പരാജയമായതോടെ സിനിമയില്‍ നിന്നും വിനയന്‍ നാല് വര്‍ഷത്തെ ഇടവേള എടുത്തു. 2018ല്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രം ശ്രദ്ധ നേടി. തന്റെ ഹിറ്റ് സിനിമകളില്‍ ഒന്നായ ‘ആകാശഗംഗ’ യ്ക്ക് സീക്വല്‍ ഒരുക്കിയത് ഏറെ പ്രതീക്ഷയോടെ ആയിരുന്നു. എന്നാല്‍ സിനിമ വിജയിച്ചില്ല.
അതിന് ശേഷം മൂന്ന് വര്‍ഷത്തോളം എടുത്താണ് തന്റെ സ്വപ്‌നചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ട്’ വിനയന്‍ സ്‌ക്രീനില്‍ എത്തിച്ചത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ ശക്തമായ തിരിച്ചു വരവ് എന്ന് വിശേഷിപ്പിച്ച സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.
തിരുവിതാംകൂറില്‍ 1800കളില്‍ ഉണ്ടായിരുന്ന ജാതീയമായ വേര്‍തിരിവുകളും, കീഴാളരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതവുമാണ് ഈ ബ്രഹ്‌മാണ്ഡ സിനിമയിലൂടെ അവതരിപ്പിച്ചത്. മാറു മറയ്ക്കാന്‍ അവകാശമില്ലാത്ത, മുലക്കരം കൊടുത്തിരുന്ന ഒരു കാലഘട്ടം.. ചരിത്രത്താളുകളില്‍ മാത്രം കേട്ട് കേള്‍വിയുള്ള അയിത്തവും, തൊട്ടുകൂടായ്മയും കൊടികുത്തിവാണ ആ കാലഘട്ടത്തെ തന്മയത്വത്തോടെ തിരശ്ശീലയില്‍ അവതരിപ്പിക്കുന്നതില്‍ വിനയന്‍ എന്ന സംവിധായകന്‍ വിജയിച്ച കാഴ്ചയാണ് പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ കാണാന്‍ കഴിഞ്ഞത്.. അതില്‍ എടുത്തു പറയേണ്ടത് സിജു വിത്സന്‍ എന്ന നടന്‍ ഈ സിനിമയ്ക്ക് വേണ്ടി നല്‍കിയ അത്മസമര്‍പ്പണം, അതിനായി ചെയ്ത കഠിനാധ്വാനം എന്നിവയാണ്. കാരണം ആക്ഷന്‍ സീനുകളില്‍ ഇതിന്റെയൊക്കെ റിസല്‍ട്ട് കാണാനുണ്ട്.
നാടകീയമായ സംഭാഷണങ്ങളും, സിനിമയുടെ ഫസ്റ്റ് ഹാഫിലെ അത്ര എന്‍ഗേജിങ് അല്ലാത്ത അവതരണവും നെഗറ്റീവ് ആയി തോന്നുമെങ്കിലും സിജു വില്‍സന്റെ പ്രകടനത്തിലൂടെ അതിനെ മറികടക്കാന്‍ സാധിച്ചിട്ടുണ്ട്.. നങ്ങേലിയായി എത്തിയ കയാദുവിന്റെതും ഗംഭീര പ്രകടനമാണ്. ചിരുകണ്ടനായി വേഷമിട്ട സെന്തില്‍ കൃഷ്ണയ്ക്ക് കരുമാടിക്കുട്ടനിലെ കലാഭവന്‍ മണിയുടെ ഒരു ടച്ച് കൊടുക്കാന്‍ വിനയന്‍ ശ്രദ്ധിച്ചിട്ടുള്ളതായി കാണാം. എന്നാല്‍ അത് പ്രേക്ഷക ശ്രദ്ധ നേടിയിട്ടില്ല. ദീപ്തി സതിയും മറ്റൊരുപാട് കലാകാരികളും അന്നത്തെ കാലത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലായ്മ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്..
Read more
സെപ്റ്റംബര്‍ 8ന് തിയേറ്ററുകളില്‍ എത്തിയ പത്തൊമ്പതാം നൂറ്റാണ്ട്, നവംബര്‍ 7ന് ആണ് ഒ.ടി.ടിയില്‍ എത്തിയത്. അതുകൊണ്ട് സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മോഹന്‍ലാലുമായി ഒന്നിക്കുന്നു എന്ന വിവരവും വിനയന്‍ പങ്കുവച്ചിരുന്നു. പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറുകയാണ്.