നടൻ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പിലേക്ക്. ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെയും വിൻസി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ പരാതി ഒത്തുതീർപ്പാവുകയായിരുന്നു. സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചു.
ഫിലിം ചേമ്പറിനും ഇന്റേണല്‍ കമ്മിറ്റി (ഐസി)ക്കും നടി നേരത്തെ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഐസി യോഗത്തിൽ വിൻസിയോട് ഷൈൻ മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തു. തന്റെ പരാതിയിലെ കുറ്റാരോപിതന്റെ പേര് പുറത്തുവന്നതിലെ അതൃപ്തിയും നടി പ്രകടിപ്പിച്ചു.
പോലീസില്‍ പരാതി നല്‍കാന്‍ തനിക്ക് താത്പര്യമില്ല എന്നും സിനിമയ്ക്കുള്ളില്‍ തന്നെ പ്രശ്നം തീര്‍ക്കാനാണ് താത്പര്യമെന്നും വിന്‍സി നേരത്തെ പറഞ്ഞിരുന്നു. വിന്‍സിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പറയാനുള്ളത് ഒറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും ഐസി കേൾക്കുകയും ചെയ്തു. ഐസിയുടെ ഏത് തീരുമാനവും അംഗീകരിക്കാമെന്ന് പറഞ്ഞാണ് വിന്‍സി മടങ്ങിയത്.