'പാവം മനുഷ്യരുടെ അവസ്ഥകള്‍ നിഷ്‌കളങ്കമായി അവതരിപ്പിക്കുവാന്‍ സാധിക്കുന്നത് ആ നന്മകള്‍ നിങ്ങള്‍ക്കുള്ളിലും ഉള്ളതുകൊണ്ടാണ്'; മനോഹരം അതിമനോഹരം- കുറിപ്പ്

വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ “മനോഹരരത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം പേരുപോലെ തന്നെ മനോഹരമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തെ കുറിച്ച് റീസ് തോമസ് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച് കുറിപ്പ് ശ്രദ്ധ നേടുകയാണ്. പാവം മനുഷ്യരുടെ അവസ്ഥകള്‍ നിഷ്‌കളങ്കമായി അവതരിപ്പിക്കുവാന്‍ വിനീതിന് സാധിക്കുന്നത് ആ നന്മകള്‍ അയാള്‍ക്കുള്ളിലും ഉള്ളതുകൊണ്ടാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

” നീ ഒരു പരാജയമാണ്.. നിന്നെക്കൊണ്ട് ഇതിനൊന്നും സാധിക്കില്ല.” സ്വപ്നങ്ങള്‍ക്ക് പിറകേ പോകുമ്പോ, ജീവിതത്തിലൊരിക്കലെങ്കിലും ഇങ്ങനെ കേട്ടിട്ടുള്ളവര്‍ക്ക് കണ്ണൊന്ന് നിറയാതെ ഈ ചിത്രം കണ്ട് തീര്‍ക്കുവാന്‍ സാധിക്കില്ല.. കഴിവുകെട്ടവനെന്ന് സമൂഹം വിളിക്കുന്ന ഓരോ മനുഷ്യനും, ഒരുപാട് കോംപ്ലക്‌സുകള്‍ക്ക് അടിമപ്പെട്ടുപോകുന്നതിന് കാരണം അവനല്ല, അവനെ അങ്ങനെ അടിമപ്പെടുത്തുന്നത് സമൂഹം തന്നെയാണ്..

ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ ഇത് പുരോഗതി സംഭവിക്കുന്നതിനും മുന്‍പ് നടക്കുന്ന കഥയാണെന്നൊരു തോന്നലുണ്ടായിരുന്നു, പക്ഷേ മനസ്സ് നിറച്ചത് കാലഘട്ടം പുതിയത് തന്നെയാണെങ്കിലും മനുഷ്യന്റെ ഏറ്റവും നല്ല കാലത്തെ, അടയാളപ്പെടുത്തലുകള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു എന്നത് തന്നെയാണ്. കാലത്തെയും, ജീവിതരീതിയെയും പുരോഗതി തിന്നാലും, പഴയതിനെ ചേര്‍ത്ത് പിടിക്കാന്‍ മനുഷ്യന്റെ ഉള്ളിലെ നന്മകള്‍ക്ക് ഈ കാലഘട്ടത്തിലും കഴിയുമെന്ന വലിയൊരു നന്‍മ കൂടി ഈ ചിത്രം പറയാതെ പറയുന്നുണ്ട്..

പഴയ വീട്, കോഴിക്കൂട്, തൊഴുത്ത് ഇങ്ങനുള്ളതെല്ലാം വളരെ വിരളമായി മാത്രം കാണപ്പെടുന്ന കാലഘട്ടത്തിലും മനോഹരന്റെ വീട്ടില്‍ ഇതെല്ലാമുണ്ട്.. അയാളിലെ നന്മയെ സ്വാധീനിക്കുന്നതും ഈ അന്തരീക്ഷങ്ങളാകാം.. പുതിയ കാലത്തിന് അതുകൊണ്ടാകാം മനോഹരന്‍ കഴിവുകെട്ടവനാകുന്നത്.. ആഢംബരങ്ങളുടെ പുതിയ ലോകത്തിന്റെ ആകര്‍ഷണീയത പുറംമോടിയിലേ കാണൂ, അകം കൊണ്ട് ഭംഗിയുള്ളത് എപ്പോഴും പഴമക്ക് തന്നെയാണ്. മികവുള്ള കലാകാരന്മാര്‍ വരച്ചെഴുതി പിടിപ്പിച്ച് വച്ചിരുന്ന ബോര്‍ഡുകളുടെ ഭംഗിയൊന്നും ഈ കാലമത്രയും ഒരു ഫ്‌ളക്‌സുകളിലും കാണുവാനെനിക്ക് സാധിച്ചിട്ടില്ല… പറഞ്ഞിട്ട് കാര്യമില്ല, “നീ ഒരു പഴഞ്ചനാണെന്ന് ” പറയുന്നത് അപമാനമായി മാറുന്ന കാലമാണ്, ഇങ്ങനെ പറയുന്ന ഓരോ മനുഷ്യനും ഉള്ളിലേക്കിറങ്ങി ചെല്ലുമ്പോ അവന്റെ നന്‍മകള്‍ക്കെല്ലാം പഴമയുടെ ഗന്ധം തന്നെയായിരിക്കും…

ഈ ചിത്രം നല്ലതാണെന്ന് പറയുന്ന ഓരോ വ്യക്തിക്കുള്ളിലും എവിടെയെങ്കിലുമൊക്കെ മാറ്റത്തിനനുസരിച്ച് മാറുവാന്‍ പ്രയാസപ്പെടുന്ന മനോഹരന്‍മാരുണ്ടാകും.വിനീതേട്ടാ, ഇങ്ങനുള്ള പാവം മനുഷ്യരുടെ അവസ്ഥകള്‍ നിഷ്‌കളങ്കമായി അവതരിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നത് ആ നന്മകള്‍ നിങ്ങള്‍ക്കുള്ളിലും ഉള്ളതുകൊണ്ടാണ്..

ഇന്ദ്രന്‍സേട്ടനെയും ബേസിലേട്ടനെയും യഥാക്രമം സപ്പോര്‍ട്ടെന്നും സുഹൃത്തെന്നും വിളിക്കാം, മുഴുവന് സമയവും നെഗറ്റീവാണ് പറയുന്നതെങ്കിലും ഇന്ദന്‍സേട്ടാ, നിങ്ങളെന്ന നടനെ ആരുടെയൊപ്പമാണോ കാണപ്പെടുന്നത് അത് തന്നെയാണ് ഒരു കാഴ്ചക്കാരന്‍ സ്‌ക്രീനില്‍ കാണുന്ന ഏറ്റവും വലിയ പോസിറ്റീവ്‌നെസ്.. വല്ലാത്തൊരു സപ്പോര്‍ട്ടും, ഇഷ്ടവുമാണ് നിങ്ങളുടെ പ്രസന്‍സ്. മനോഹരന്‍ പൊതുവെ പാവവും ആര്‍ക്കുമെതിരെ തര്‍ക്കത്തിനും പോവാറില്ല, അതുകൊണ്ട് തന്നെ എല്ലാവരും കേറി അയാളെയിട്ട് ചവിട്ടുമ്പോ, അയാള്‍ക്ക് വേണ്ടി ഉറച്ച ഭാഷയില്‍ സംസാരിക്കുന്ന, ആരാലും കൂട്ടുകാരനെ കുറ്റം പറയാന്‍ അനുവദിക്കാത്ത സുഹൃത്തായി നിങ്ങളും കാഴ്ചക്കാരന്റെ കൂടെ നിന്നു ബേസിലേട്ടാ.. അങ്ങനുള്ള സുഹൃത്തുക്കളുടെയും കൂടി ലോകമാണിത്…

രാഹുല്‍ എന്ന ദീപക്കേട്ടന്റെ കഥാപാത്രത്തെ, വീട്ടില്‍ വില ലഭിക്കാത്ത, മറ്റുള്ളവര്‍ക്ക് മുന്നില്‍ വീട്ടുകാരാല്‍ കഴിവുകെട്ടവനായി അവരോധിക്കപ്പെട്ടിട്ടുള്ള ഒരുവനും രാഹുലിന്റെ പ്രവൃത്തികളെ വില്ലത്തരമായി കാണുവാന്‍ സാധിക്കില്ലെന്ന് തീര്‍ച്ചയാണ്…

മനോഹരനെ പോലൊരു കഥാപാത്രം മനസ്സുകൊണ്ട് സൃഷ്ടിച്ച, അല്ലെങ്കില്‍ അങ്ങനുള്ള ഏതൊരാളും ജീവിതത്തില്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് ശ്രീജ, എന്നാല്‍ അങ്ങനുള്ള എത്രപേരുടെ ജീവിതത്തില്‍ ശ്രീജയെ പോലൊരു പാവം നാട്ടിന്‍പുറത്തുകാരിയെ കണ്ടെത്താന്‍ കഴിയും എന്നത് സംശയമാണ്… ശ്രീജയുടെ കൂട്ടുകാരി ഒരു സന്ദര്‍ഭത്തില്‍ അവളോട് പറയുന്ന ഒരു കാര്യമുണ്ട്, അതായിരിക്കും ഈ കാലഘട്ടത്തിലെ ഏതൊരും പെണ്ണിന്റെയും തീരുമാനം… മോഡേണ്‍ പെണ്‍കുട്ടിയില്‍ നിന്നും നാട്ടിന്‍പുറത്തുകാരിയായ ശ്രീജയിലേക്കുള്ള മാറ്റം അപര്‍ണ്ണ ഭംഗിയാക്കിയെന്നത് ആ നിഷ്‌കളങ്കമായ പെരുമാറ്റങ്ങളില്‍ കാണാന്‍ കഴിയുമായിരുന്നു..

വലിയ സംഭവങ്ങളൊന്നുമില്ല, പേരുപോലെ മനോഹരമായ സിനിമ, കഴിഞ്ഞിറങ്ങുമ്പോ ഉള്ളിലൊരു സുഖോണ്ടാകും.., അത് തന്നെയല്ലേ ഒരു സിനിമക്ക് കേറുന്നവന്‍ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ സംഭവം…Anvar Sadik പഴമയെ കൈവിടാതെ പുതിയ കാലത്ത് നിന്നുകൊണ്ട് ഏറ്റവും മനോഹരമായി തന്റെ സിനിമയിലൂടെ നന്‍മയെക്കുറിച്ച് സംസാരിച്ചതിന് നന്ദി അന്‍വറിക്ക…Dil Shad ഒത്തിരി സന്തോഷം, അളിയാ നിന്നെ ഇങ്ങനൊരു ചിത്രത്തിന്റെ ഭാഗമായി കാണുവാന്‍ കഴിഞ്ഞതില്‍.. മനോഹരമായ തുടക്കം സുഹൃത്തേ…

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി