വാടക ഗര്‍ഭധാരണം വഴി തമിഴ്‌സൂപ്പര്‍ താരം നയന്‍താര – വിഘ്‌നേഷ് ശിവന്‍ ദമ്പതികള്‍ക്കു കുഞ്ഞു പിറന്നതു സംബന്ധിച്ചു തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്തു നിലവിലുള്ള ചട്ടങ്ങള്‍ മറികടന്നാണോ വാടക ഗര്‍ഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്.
വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. 21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്കു ഭര്‍ത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കുകയാണ്
അതിനാല്‍ വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നാണു പ്രധാന ചോദ്യം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നയന്‍താരയോടു തമിഴ്‌നാട് മെഡിക്കല്‍ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യന്‍ ചെന്നൈയില്‍ പറഞ്ഞു.
ജൂണിലാണു നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായതായി ഇന്നലെ ഇരുവരും സമൂഹമാധ്യമങ്ങള്‍ വഴിയാണു പുറത്തറിയിച്ചത്