ഓപ്പണിംഗ് ദിനത്തില്‍ 3.75 കോടി രൂപ കളക്ഷന്‍ നേടി പുതിയൊരു റെക്കോര്‍ഡുമായി തിയേറ്ററില്‍ കുതിക്കുകയാണ് ‘ഗുരുവായൂരമ്പലനടയില്‍’. രണ്ട് ദിവസത്തിനുള്ളില്‍ 6 കോടിക്ക് അടുത്ത് കളക്ഷന്‍ ചിത്രം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ, ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു രസകരമായ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്.
‘ഗുരുവായൂരമ്പലടനടയില്‍ സ്ഥിരമുള്ള കാഴ്ചകളില്‍ ഒന്ന് എല്ലാ ക്രെഡിറ്റും ആര്‍ട് ഡയറക്ടര്‍ സുനിലേട്ടന്’ എന്ന ക്യാപ്ഷനോടെയാണ് സംവിധായകന്റെ പോസ്റ്റ്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സെറ്റ് ആണ് ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം കിടിലന്‍ സെറ്റ് ഒരുക്കി പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രവും. മൂന്നരക്കോടി മുടക്കിയാണ് സെറ്റ് ഒരുക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.
രണ്ടു അളിയന്മാരുടെ സ്‌നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ബേസിലിനൊപ്പം പൃഥിരാജ് കൂടി എത്തിയപ്പോള്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകര്‍ക്ക് ചിരിവിരുന്ന് ആയിരുന്നു. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിച്ച ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍.
നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് നായികമാര്‍. തമിഴ് നടന്‍ യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രഹണം നീരജ് രവി,എഡിറ്റര്‍ ജോണ്‍ കുട്ടി,സംഗീതം അങ്കിത് മേനോന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.