'ബിജുവിന്റെ അച്ഛന്‍ സംയുക്തയെ വിളിച്ച് പറഞ്ഞു 'അവന്‍ അലസനാണ്..ജീവിതത്തില്‍ കാര്യമായ അടുക്കും ചിട്ടയും ഇല്ലാത്തവനാണ്..'

മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. താരങ്ങളുടെ പ്രണയത്തെ കുറിച്ച് സുനില്‍ വെയ്‌സ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മഴ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞയുടെയാണ് ബിജു തന്റെ ഇഷ്ടം സംയുക്തയോട് സൂചിപ്പിക്കുന്നത്. ബിജുവും സംയുക്തയും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് നടന്റെ അച്ഛന്‍ അന്വേഷിച്ചതും ഒക്കെയാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പ്:

“ഈഗിള്‍” എന്ന സിനിമയ്ക്ക് മലയാള സിനിമാ ഭൂമികയില്‍ എന്താണ് പ്രസക്തിയെന്നൊരു ചോദ്യം ഞാന്‍ ചോദിച്ചാല്‍, ഇവിടെയുള്ള ഭൂരിഭാഗം പേരും ഒരുപക്ഷേ കൈമലര്‍ത്തിയേക്കാം.. ഈഗിളോ, അങ്ങനെയൊരു സിനിമ ഇവിടെ ഇറങ്ങിയിട്ടുണ്ടോ എന്നൊരു മറുചോദ്യവും ചിലപ്പോള്‍ എനിക്ക് പ്രതീക്ഷിക്കാം. അങ്ങനെയൊരു മറുചോദ്യം വന്നാല്‍ പോലും അതിനെയൊരിക്കലും കുറ്റം പറയാന്‍ പറ്റില്ല.

തീര്‍ത്തും സ്വാഭാവികമെന്ന മറുപടി മാത്രമേ എനിക്ക് നല്‍കാന്‍ സാധിക്കുകയുള്ളൂ.1930 മുതല്‍ സജീവമായ മലയാള സിനിമാ വ്യവസായത്തെ ആറ്റിക്കുറുക്കി നോക്കിയാലോ അളന്നുതൂക്കി നോക്കിയാലോ കലാപരമായോ സാമ്പത്തികമായോ യാതൊരു മേന്മയും അവകാശപ്പെടാനില്ലാത്ത സിനിമയാണ് “ഈഗിള്‍” എന്ന സിനിമ. സെക്സ് സിംബല്‍ എന്ന വിശേഷണം കൊണ്ട് ഒരു തലമുറയെ മുഴുവന്‍ ഉത്തേജിപ്പിച്ച, നോര്‍ത്തെന്നോ സൗത്തെന്നോ വ്യത്യാസമില്ലാതെ ഭാഷാഭേദമന്യേ അക്കാലത്തെ നിരവധി മസാലച്ചിത്രങ്ങളില്‍ നായികാവേഷം കയ്യാളിയിരുന്ന പൂനം ദാസ് ഗുപ്തയാണ് “ഈഗിള്‍” എന്ന മലയാള സിനിമയില്‍ നായികയായി അഭിനയിച്ചത്.

കിരണ്‍ എന്ന നടനാണ് ഈ സിനിമയില്‍ അന്ന്, നായകനായി അഭിനയിച്ചത്. (ഈ കിരണ്‍ തന്നെയാണ് പില്‍ക്കാലത്ത് പി. സുകുമാര്‍ എന്ന പേരില്‍ മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായി തീര്‍ന്നത്. അയാള്‍ കഥയെഴുതുകയാണ്, ഗ്രാമഫോണ്‍ തുടങ്ങി നിരവധി സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിക്കുകയും സ്വ.ലേ എന്ന ദിലീപ് സിനിമ സംവിധാനം ചെയ്തതും ഇതേ സുകുമാറാണ്) Adults Only ലേബലില്‍ പുറത്ത് വന്ന ഒരു സാധാരണ രതിച്ചിത്രം മാത്രമായിരുന്നു അമ്പിളി എന്ന സംവിധായകന്‍ 1991ല്‍ ഒരുക്കിയ “ഈഗിള്‍” എന്ന ഈ സിനിമ.

ഇറങ്ങി മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഈ സിനിമ, പക്ഷേ ഇന്ന് മലയാള സിനിമാചക്രവാളത്തില്‍ ഇടം പിടിക്കുന്നത് മറ്റൊരു കാര്യത്തിന്റെ പേരിലാണ്. സിനിമയുടെ 1:04:48 // 1:08:22ആം സെക്കന്‍ഡുകള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് വളരെ അപ്രതീക്ഷിതമായി/ ആകസ്മികമായി ഒരാളെ ഈ സിനിമയില്‍ കാണാന്‍ സാധിക്കും. ഒരു ഹോട്ടലില്‍ നിന്നുള്ള ദൃശ്യമാണ് ഈ സമയം (1:08:22) സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഹോട്ടല്‍ റിസപ്ഷനില്‍ പത്രം വായിക്കുന്ന വെളുത്ത മെലിഞ്ഞ സുമുഖനയൊരു ചെറുപ്പക്കാരന്റെ മുഖം വളരെ വ്യക്തമായി നിങ്ങള്‍ക്ക് ഇന്നും കാണുവാന്‍ സാധിക്കും.

30 വര്‍ഷത്തിനിപ്പുറവും ശരീരസൗകുമാര്യത്തിലോ ആകാരഭംഗിയിലോ കാര്യമായ ഉടവൊന്നും സംഭവിക്കാതെ..അന്നത്തെ ആ ചെറുപ്പക്കാരന്‍ ഇന്നും നമുക്കിടയിലുണ്ട്. പുതിയ വേഷങ്ങളാലും വേഷപ്പകര്‍ച്ചകളാലും അയാള്‍ ഇന്നും ഇപ്പോഴും നമ്മെ ആവോളം ആനന്ദിപ്പിക്കുന്നുണ്ട്..അതിരറ്റ് സന്തോഷിപ്പിക്കുന്നുണ്ട്..കട്ടത്താടി കൊണ്ടും കടമെടുത്ത ശബ്ദം കൊണ്ടും “ഈഗിള്‍” എന്ന ആ സിനിമയില്‍ കേവലം രണ്ട് സീനുകളില്‍ മാത്രം വന്ന് പോയ ആ നടന്റെ പേര് ബിജു ബാലകൃഷ്ണന്‍ എന്നാണ്.

അങ്ങനെയൊരു പേര് പറഞ്ഞാല്‍ ഒരു പക്ഷേ ഇന്ന് അയാളെ ആര്‍ക്കും മനസിലായിക്കൊള്ളണം എന്നില്ല. കാരണം ഇന്ന് അയാളുടെ പേര് ബിജു മേനോന്‍ എന്നാണ്. അതെ..നടന്‍ ബിജു മേനോനാണ് ഞാന്‍, മേല്‍പറഞ്ഞ കഥയിലെ നായകന്‍. ബിജു മേനോന്‍ അഭിനയിച്ച് ആദ്യമായി പുറത്ത് വന്ന സിനിമയാണ് “ഈഗിള്‍”. 1991ല്‍ റിലീസായ ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ കേവലം 20 വയസ്സാണ് ബിജു മേനോന്റെ പ്രായം..!

കൗതുകം ജനിപ്പിക്കുന്ന മറ്റൊരു സംഗതി കൂടി ഇനി പറയാന്‍ ആഗ്രഹിക്കുന്നു. ബിജുവും നാല് സഹോദരങ്ങളും വാണരുളുന്ന “മഠത്തില്‍പറമ്പ്” എന്ന ആ വലിയ വീട്ടില്‍ നിന്ന് മലയാളസിനിമയുടെ അഭിനയക്കളരിയില്‍ ആദ്യഅങ്കം കുറിച്ചത് പക്ഷേ ബിജുവല്ല എന്ന വസ്തുത, ഒരുപക്ഷേ നിങ്ങളില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും പുതിയ അറിവായിരിക്കും.. മറ്റാരുമല്ല, ബിജു മേനോന്റെ അച്ഛന്‍ ബാലകൃഷ്ണ പിള്ളയാണ് ആ കുടുംബത്തില്‍ നിന്ന് ആദ്യമായി സിനിമയില്‍ അഭിനയിച്ച വ്യക്തി പി.എന്‍.ബാലകൃഷ്ണപിള്ള എന്ന ബിജു മേനോന്റെ പിതാവ് ഏതാണ്ട് 10 ഓളം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സമസ്യ, ഞാവല്‍പ്പഴങ്ങള്‍, സരിത, അശ്വത്ഥാമാവ്, മാറ്റൊലി, വീരഭദ്രന്‍, ഇതും ഒരു ജീവിതം, രചന എന്നിങ്ങനെയുള്ള സിനിമകളില്‍ അദ്ദേഹം ചെറിയ ചില വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പത്മരാജന്‍ സംവിധാനം ചെയ്ത മൂന്നാം പക്കമാണ് അദ്ദേഹം അവസാനമായി അഭിനയിച്ച സിനിമ..അദ്ദേഹത്തിന്റെ എടുത്ത് പറയാവുന്ന നല്ലൊരു വേഷവും ഈ സിനിമയിലേതാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സിനോടനുബന്ധിച്ച് തിലകനോടൊപ്പം കടല്‍ത്തീരത്ത് പ്രത്യക്ഷപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചത് ശ്രീമാന്‍ ബാലകൃഷ്ണ പിള്ളയാണ്.

നടന്‍ എന്ന നിലയില്‍ വേണ്ടത്ര അംഗീകാരങ്ങളോ വലിയ മേല്‍വിലാസമോ മലയാള സിനിമയില്‍ വെട്ടിപ്പിടിക്കാന്‍ സാധിക്കാതെ വിസ്മൃതിയിലേക്ക് നടന്ന് പോയൊരു സാധുമനുഷ്യനായിരുന്നു അദ്ദേഹം. അച്ഛന്‍ നെയ്‌തെടുത്ത പകല്‍ക്കിനാവിന് വെള്ളിത്തിരയില്‍ ഊടും പാവും നെയ്യാന്‍ നിയോഗം സിദ്ധിച്ചത് മകന്‍ ബിജുവിനായിരുന്നു.

ഈഗിളിന് ശേഷം ബിജു പ്രധാനമായി അഭിനയിച്ചത് ദൂരദര്‍ശന്‍ പരമ്പരകളില്‍ ആയിരുന്നു. നിങ്ങളുടെ സ്വന്തം ചന്തു, പറുദീസയിലേക്കുള്ള പാത, മിഖായേലിന്റെ സന്തതികള്‍ എന്നിങ്ങനെ വന്ന അക്കാലത്തെ ഹിറ്റ് ടെലിവിഷന്‍ പരമ്പരകളുടെ ഭാഗമാകാനുള്ള അവസരം കരിയറിന്റെ തുടക്കത്തില്‍ തന്നെ ബിജുവിന് ലഭിച്ചു. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത “പുത്രന്‍” എന്ന സിനിമയിലൂടെയായിരുന്നു ബിജുവിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള എന്‍ട്രി. “മിഖായേലിന്റെ സന്തതികള്‍” എന്ന ജനപ്രിയ സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണ് ഈ സിനിമ വെള്ളിത്തിരയില്‍ പുനര്‍ജനിച്ചത്.

ഈ-മ-യൗ, അതിരന്‍ എന്നീ സിനിമകളിലൂടെ ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതനായ പി.എഫ് മാത്യൂസ് ആയിരുന്നു ഈ സിനിമയുടെ രചന നിര്‍വഹിച്ചത്. പ്രശസ്ത നടന്‍ പ്രേംപ്രകാശായിരുന്നു, ഈ സിനിമ നിര്‍മ്മിച്ചത്. സീരിയലിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച നടീനടന്മാര്‍ തന്നെയാണ് വെള്ളിത്തിരയിലും പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കാരണം കൊണ്ടായിരുന്നു ബിജു മേനോന്‍ എന്ന അഭിനേതാവിന്റെ ബിഗ് സ്‌ക്രീന്‍ പ്രവേശനം പെട്ടെന്ന് സംഭവിച്ചത്.

ചിപ്പി നായികയായ സിനിമയില്‍ എന്‍.എഫ്.വര്‍ഗീസ്, രാജന്‍.പി.ദേവ്,ജോസ്, പ്രകാശ് എന്നിവര്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരു സീരിയലിന്റെ കഥ രണ്ടാം ഭാഗത്തില്‍ സിനിമയാകുന്നത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായിട്ടായിരുന്നു. എന്നാല്‍ ഈ പ്രത്യേകതകളൊന്നും സിനിമക്ക് ഗുണം ചെയ്തില്ല.വലിയ പ്രതീക്ഷകളോടെ നിര്‍മ്മിച്ച സിനിമ പക്ഷേ ബോക്സ് ഓഫീസില്‍ പച്ച തൊട്ടില്ല..തകര്‍ന്ന് തവിടുപൊടിയായി..കലാപരമായും സാമ്പത്തികമായും വമ്പന്‍ പരാജയമാണ് നിര്‍മ്മാതാവിന് പുത്രന്‍ എന്ന സിനിമ സമ്മാനിച്ചത്..

നടന്‍ എന്ന നിലയില്‍ യാതൊരു ഗുണവും ഈ സിനിമ ബിജു മേനോന് സമ്മാനിച്ചില്ല .ആദ്യ സിനിമ സമ്മാനിച്ച സംവിധായകന്‍ അമ്പിളി ഒരുക്കിയ “സമുദായം” എന്ന സിനിമയിലാണ് പിന്നീട് ബിജു മേനോന്‍ അഭിനയിച്ചത്.”പുത്രന്‍” എന്ന സിനിമക്ക് ബോക്സ് ഓഫിസില്‍ നേരിടേണ്ടി വന്നത് പോലൊരു സമാനമായ ദുര്യോഗമായിരുന്നു “സമുദായം” എന്ന ഈ സിനിമക്കും നേരിടേണ്ടി വന്നത്. (“ഈഗിള്‍” എന്ന സിനിമ ബിജു മേനോന്റെ ആദ്യ സിനിമയായത് പോലെ നടന്‍ കലാഭവന്‍ മണിയുടെ ആദ്യകാല സിനിമകളില്‍ ഒന്ന് കൂടിയായിരുന്നു സമുദായം)

പിന്നീട് അതേ വര്‍ഷം (1995) പുറത്തിറങ്ങിയ ഹൈവേ, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിയ സിനിമകളിലെ പ്രതിനായക വേഷങ്ങള്‍ ബിജുവിനെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കി. അക്കൊല്ലം പുറത്തിറങ്ങിയ “ആദ്യത്തെ കണ്‍മണി” എന്ന സിനിമയിലെ നായകതുല്യ വേഷം വഴി ബിജു മേനോന്‍ മലയാളസിനിമയിലെ തന്റെ മൂലസ്ഥാനം അരക്കിട്ടുറപ്പിച്ചു. ആകാരസൗകുമാര്യം കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും മമ്മൂട്ടിയുടെ പകരക്കാരന്‍ എന്നായിരുന്നു അക്കാലത്ത് പല പ്രമുഖ മാധ്യമങ്ങളും ബിജു മേനോനെ വിശേഷിപ്പിച്ചത്.

സിനിമകള്‍ ഏറിയും കുറഞ്ഞും വന്നുകൊണ്ടേ ഇരുന്നു നായകനായി മാത്രമേ അഭിനയിക്കുള്ളൂ എന്ന പിടിവാശിയൊന്നും ബിജുവിന് ഒരിക്കലും ഇല്ലായിരുന്നു. കാല്‍ നൂറ്റാണ്ട് പിന്നിട്ട കരിയര്‍ എടുത്ത് പരിശോധിക്കുകയാണെങ്കില്‍ നായകനായും… വില്ലനായും…സഹനടനായും…കൊമേഡിയനായും…നായകന്റെ അച്ഛനായും…അതിഥി താരമായും..ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമെല്ലാം ബിജു വിവിധ സിനിമകളില്‍ സഹകരിച്ചിട്ടുണ്ട്.

എല്ലാ തരം റോളുകളും കൈകാര്യം ചെയ്യാന്‍ തക്ക വഴക്കത്തിലേക്ക് ബിജു മേനോന്‍ എന്ന നടന്‍ ഇന്ന് പരുവപ്പെട്ടു കഴിഞ്ഞു. അന്യഭാഷയില്‍ നിന്ന് ഓഫറുകള്‍ വന്നപ്പോഴും അവിടെയും പോയി അഭിനയിച്ചു. ഇമേജ് എന്നത് ബിജു മേനോന്‍ എന്ന നടന് ഒരിക്കലും ഒരു ബാദ്ധ്യത ആയിരുന്നില്ല. അഭിനയത്തോടുള്ള അടങ്ങാത്ത ത്വരയായിരുന്നു അയാളേയും അയാളിലെ നടനേയും എക്കാലവും അടക്കി ഭരിച്ച വികാരം. അത് കൊണ്ട് തന്നെ തേടി വരുന്ന വേഷങ്ങളില്‍ അഭിനയസാദ്ധ്യതയുണ്ടോ എന്ന് മാത്രമായിരുന്നു അയാള്‍ ചിന്തിച്ചത്. കച്ചവടസിനിമകളും കലാമൂല്യമുള്ള സിനിമകളും ഒരേ മനസ്സോടെ ബിജു മേനോന്‍ ചെയ്തത് ഇക്കാരണം കൊണ്ട് കൂടിയാണ്.

പ്രതിഫലം മോഹിക്കാതെ നല്ല സിനിമകളുടെ ഭാഗമായി. മധ്യവര്‍ത്തി സിനിമകളിലും കച്ചവടസിനിമകളിലും ഒരുപോലെ/ഒരേ മനസ്സോടെ അഭിനയിച്ചു. നായകന്‍ എന്ന നിലയില്‍ മൂല്യമുള്ള നിലയില്‍ നില്‍ക്കുന്ന കാലത്തും ടി.ഡി.ദാസന്‍..ഓലപ്പീപ്പി പോലുള്ള ചെറിയ സിനിമകളില്‍ അഭിനയിക്കാനും ബിജു മേനോന്‍ ഒരിക്കലും മടി കാണിച്ചില്ല. ഈ പുഴയും കടന്നിലെ കണ്ണനേയും പ്രണയ വര്‍ണങ്ങളിലെ വിക്ടറിനെയും മേഘമല്‍ഹാറിലെ രാജീവ് മേനോനെയും മോഹിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടോ?

പത്രത്തിലെ ACP ഫിറോസ് മുഹമ്മദിനെയും FIRലെ ഗ്രിഗറിയേയും കണ്ട് ആരാധന തോന്നാത്ത ആണ്‍കുട്ടികളുണ്ടോ? പ്രണയഭാവങ്ങളുടെ മൂര്‍ത്തരൂപമായി വിക്ടര്‍ എന്ന കഥാപാത്രം പെയ്തിറങ്ങിയ അതേ വര്‍ഷം തന്നെയാണ് ഫിറോസ് മുഹമ്മദ് എന്ന ഉശിരുള്ള പൊലീസ് ഉദ്യോഗസ്ഥനായി ബിജു മേനോനെ സ്‌ക്രീനില്‍ കണ്ടത്..അതേ വര്‍ഷം തന്നെയാണ് അയാള്‍ ചിത്രശലഭത്തിലെ ഡോ.സന്ദീപ് ആയത്..സ്‌നേഹത്തിലെ ശശിധരന്‍ നായരായത്..കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമനായത്.ഈ ഒരു Versatality കരിയറിലുടനീളം ബിജു മേനോനില്‍ കാണാം.

റോളുകളോ അതിന്റെ വലിപ്പചെറുപ്പമോ ഒന്നും നോക്കിയല്ല, മറിച്ച് ഒരു സിനിമ ചെയ്താല്‍ അത് കൊണ്ട് തനിക്കെന്തെങ്കിലും ഗുണമുണ്ടോ എന്ന് മാത്രമാണ് ആത്യന്തികമായി ബിജു മേനോനിലെ നടന്‍ ശ്രദ്ധിച്ചത്. ഇടക്കാലത്ത് സൂപ്പര്‍താര ചിത്രങ്ങളിലെ സജീവസാന്നിദ്ധ്യമായി അയാള്‍ മാറിയതും ഇക്കാരണം കൊണ്ട് മാത്രമായിരുന്നു. കാല്‍പതിറ്റാണ്ട് താണ്ടിയ അഭിനയസപര്യ ഇന്നിപ്പോള്‍ സാനു ജോണ്‍ വര്‍ഗീസിന്റെ “ആര്‍ക്കറിയാം” വരെ എത്തി നില്‍ത്തുന്നു. സിനിമയില്‍ അത്യാവശ്യം പ്രശസ്തനായ ശേഷവും പക്ഷേ ബിജുവിന്റെ പിതാവ് ആഗ്രഹിച്ച ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ ബിജുവിന്റെ വിവാഹം.

മില്ലേനിയം സ്റ്റാര്‍സ് പോലുള്ള സിനിമകളില്‍ കൂടെ അഭിനയിക്കുമ്പോള്‍ ജയറാം അടക്കമുള്ള സഹനടന്മാര്‍ അതിനോടകം നിരവധി തവണ ചോദിച്ച കാര്യമായിരുന്നു അത്..ജയറാം മാത്രമല്ല, കൂടെ അഭിനയിച്ച സഹപ്രവര്‍ത്തകരില്‍ നിന്നെല്ലാം അതിനോടകം പലകുറി ആ ചോദ്യം ബിജു കേട്ടിരുന്നു പലവുരു..പലയാവര്‍ത്തി

“നല്ലൊരു കുട്ടിയെ കിട്ടിയാ കെട്ടിക്കൂടെഡോ തനിക്ക്”

എല്ലാവരോടും ചിരിച്ചു കൊണ്ട് തന്റെ സ്വതഃസിദ്ധമായ ശൈലിയില്‍..സൗമ്യമായ പുഞ്ചിരിയോടെ ബിജു പറഞ്ഞു

“വരട്ടെ..സമയം ആവട്ടെ”

സംയുക്ത വര്‍മ്മയോടൊപ്പം ബിജു ഒരുമിച്ച്/തുടര്‍ച്ചായി സിനിമകള്‍ ചെയ്യുന്നത് 2000-2001 സമയത്താണ്. പരിചയം സൗഹൃദമായി..സൗഹൃദം പതിയെ പ്രണയവും എപ്പോഴാണ് പ്രണയിച്ച് തുടങ്ങിയതെന്ന് ചോദ്യത്തിന് ഇരുവര്‍ക്കുമിടയില്‍ അന്നും ഇന്നും ഉത്തരമില്ല. ഒരിക്കലും പെട്ടെന്ന് കണ്ടു മുട്ടി പ്രണയിച്ചവര്‍ അല്ലായിരുന്നു. ബിജു-സംയുക്തമാര്‍. മഴ, മധുരനൊമ്പരക്കാറ്റ് എന്നീ സിനിമകളില്‍ പത്തറുപത് ദിവസം അവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഒരുമിച്ച് മഴ നനഞ്ഞു. ഒരുമിച്ച് പാട്ടുകള്‍ പാടി അഭിനയിച്ചു.

മഴ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞയുടനാണ് ബിജു തന്റെ ഇഷ്ടം സംയുക്തയോട് സൂചിപ്പിക്കുന്നത്. സിനിമയിലെന്ന പോല്‍ ജീവിതത്തിലും അന്ന് സംയുക്ത വ്യക്തമായ മറുപടിയൊന്നും ആ ചോദ്യത്തിന് നല്‍കിയില്ല. അതിന്റെ ഉത്തരം അതിനോടകം തന്നെ ഇരുവര്‍ക്കും അറിയാമായിരുന്നു എന്നത് തന്നെ കാരണം. മഴയെന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ എവിടെയോ വെച്ച് ഒരുമിച്ച് സ്‌നേഹിക്കാന്‍ മോഹിച്ച/ഒരുമിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ട രണ്ട് പേരായി അവരിരുവരും അതിനോടകം മാറിക്കഴിഞ്ഞിരുന്നു.

പ്രായത്തില്‍ കവിഞ്ഞ പക്വത ഇന്‍ഡസ്ട്രിയില്‍ വരുന്നതിന് മുമ്പേ സംയുക്തയ്ക്കുണ്ടായൊരുന്നു..ഒരു നടിയെന്ന നിലയില്‍ അവര്‍ കൈവരിച്ച അംഗീകാരങ്ങള്‍ അതിന്റെ കൂടി പ്രതിഫലനമായിരുന്നു.3 വര്‍ഷം മാത്രം ഇന്‍ഡസ്ട്രിയില്‍ സജീവമായൊരു നടി.. ആകെ ചെയ്തത് 18ല്‍ പരം സിനിമകള്‍..മോഹന്‍ലാല്‍, ദിലീപ്, ജയറാം, ശ്രീനിവാസന്‍ പോലെ ഇന്‍ഡസ്ട്രിയില്‍ പ്രഗത്ഭരായവര്‍ക്കൊപ്പമുള്ള സിനിമകള്‍..

സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍, ജോഷി, കെ.മധു, ലെനിന്‍ രാജേന്ദ്രന്‍, മോഹന്‍, ഹരികുമാര്‍, രാജസേനന്‍ പോലെ ഇന്‍ഡസ്ട്രിയിലെ അതികായര്‍ക്കൊപ്പമുള്ള സിനിമകള്‍.അരങ്ങേറ്റ സിനിമയില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം..അതും തന്റെ 20-ാം വയസ്സില്‍.

സഹജീവികളോട് സംയുക്ത കാണിക്കുന്ന പ്രായത്തില്‍ കവിഞ്ഞ പക്വതയായിരുന്നു ബിജു അവരില്‍ കണ്ട ഏറ്റവും പ്രകടമായ സവിശേഷത. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഇരുവരും പ്രണയബദ്ധരാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കിയപ്പോഴും സംയുക്ത ചിരിച്ചു കൊണ്ടാണ് അതിനെയെല്ലാം സമീപിച്ചത്.”പ്രിയപ്പെട്ട നടന്‍ ആരാണ്.. ബിജുവാണോ” എന്ന ഉത്തരം അക്കാലത്ത് മോഹിച്ചവരോട് പുഞ്ചിരിച്ചു കൊണ്ട് സംയുക്ത പറഞ്ഞു “എനിക്കേറ്റവും ഇഷ്ടമുള്ള നടന്‍ തിലകന്‍ സാറാണ്”..

സഹപവര്‍ത്തകര്‍ക്ക് ബിജു നല്‍കുന്ന സ്‌നേഹവും ബഹുമാനം ആയിരുന്നു ബിജുവില്‍ സംയുക്ത കണ്ട ഏറ്റവും നല്ല ക്വാളിറ്റി. ഒരുമിച്ചഭിനയിച്ച “മഴ” എന്ന സിനിമ തിയേറ്ററില്‍ പോയി കണ്ട ശേഷം ബിജു ആദ്യം വിളിച്ചത് സംയുക്തയെ ആയിരുന്നു…

“ചിന്നൂ…നിന്നെയോര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു”

ഒരൊറ്റ വാക്യത്തില്‍ ആദ്യന്തം ഒതുക്കിയ മറുപടി

സ്നേഹിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വെറുതെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വാക്കുകള്‍ അല്ലായിരുന്നു അവ..ഹൃദയത്തിനുള്ളില്‍ നിന്ന് ആത്മാര്‍ത്ഥമായി പ്രസരിച്ച വാചകങ്ങള്‍ തന്നെയായിരുന്നു അവ..മാധ്യമങ്ങള്‍ക്കിടയില്‍ വളരെ വേഗത്തില്‍ തന്നെ ഇരുവരുടെയും പ്രണയകഥക്ക് പ്രചാരം കിട്ടി. രണ്ട് പേരും തൃശൂരുകാര്‍ ആണെന്നായിരുന്നു ഇതിന് നിദാനമായ പ്രധാന സംഗതി. രണ്ട് പേരും സിനിമയുടെ ആഡംബരത്തിന്റെ സുഖശീതളിമയിലോ കാര്യമായി മയങ്ങാത്തവര്‍.

സിനിമയുടെ മായികവലയം തീര്‍ത്ത പ്രഭയില്‍ നിന്നെല്ലാം ഒഴിഞ്ഞു നടന്ന പ്രകൃതം ആയിരുന്നു ഇരുവരുടെയും.സിനിമാക്കാരെല്ലാം ചെന്നൈയില്‍ തമ്പടിച്ച കാലത്തും തൃശൂര്‍ വിട്ടൊരു ലോകം ബിജുവിനും സംയുക്തക്കും ഇല്ലായിരുന്നു (കല്യാണം കഴിഞ്ഞ് വര്‍ഷം 20 ആകുമ്പോഴും ആ തീരുമാനത്തിന് തെല്ലും ഇളക്കം സംഭവിച്ചിട്ടില്ല.

നാല് ആണ്‍മക്കള്‍ അടങ്ങുന്ന മഠത്തില്‍ പറമ്പ് വീട്ടിലേക്ക് മരുമകള്‍ ആയി സംയുക്ത കടന്നുവരണമെന്ന് ബിജു മേനോന്റെ യശഃശരീരനായ പിതാവ് ബാലകൃഷ്ണപിള്ളയുടെ ഏറ്റവും വലിയ ആഗ്രഹം കൂടിയായിരുന്നു. ബിജു വിവാഹിതനായി കാണണമെന്നും കുടുംബനാഥനായി കാണണമെന്നും ആ വീട്ടില്‍ മറ്റാരേക്കാളും ആഗ്രഹിച്ചത് അദ്ദേഹം തന്നെയായിരുന്നു. സംയുക്തയേയും ബിജുവിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വച്ച് മാധ്യമങ്ങള്‍ എഴുതി പിടിപ്പിക്കുമ്പോഴും, ആഘോഷമാക്കുമ്പോഴും ഒരിക്കല്‍ പോലും ബിജുവിന്റെ അച്ഛന്‍ അതിനെക്കുറിച്ച് ബിജു മേനോനോട് ചോദിച്ചിരുന്നതേയില്ല.

സൗഹൃദം പ്രണയത്തിലേക്ക് വഴുതി വീണ നാളുകളിലെപ്പോഴോ ഒരിക്കല്‍ അദ്ദേഹം ബിജുവിനെ വിളിച്ചു നിര്‍ത്തി ചോദിച്ചുവെത്രേ

“എന്താടാ..ഈ കേള്‍ക്കുന്നതെല്ലാം ശരിയാണോ”??

അന്നും ബിജു, ഒന്നും മിണ്ടാതെ നിന്നതേ ഉള്ളൂ

സ്‌നേഹം കൊണ്ടായിരുന്നു ആ മനുഷ്യന്‍ എന്നും അയാളുടെ അഞ്ച് ആണ്‍മക്കളെയും തോല്പിച്ചിരുന്നത്.

ബിജുവിന്റ പരിഭ്രമിച്ച മുഖം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു

“എനിക്ക് വിരോധമില്ല..അവള്‍ നല്ല കുട്ടിയാണ്”

പിന്നീട് ബിജു അറിയാതെ സംയുക്തയോട് അദ്ദേഹം ഫോണില്‍ സംസാരിക്കുകയുണ്ടായി.. സംയുക്തയുടെ അച്ഛനോട് വിവാഹത്തെ പറ്റി സംസാരിക്കുകയും വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തത് ആ അച്ഛനാണ്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. ബിജുവിന്റെ ദുഃഖം സംയുക്തയുടേത് കൂടിയാണെന്ന് ഇരുവരും പരസ്പരം മനസ്സിലാക്കിയ നാളുകള്‍ കൂടി ആയിരുന്നു ആ ദിവസങ്ങള്‍..അത്തരം പങ്കിടലുകള്‍ അവരെ കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്തി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ബിജുവിന്റെ അച്ഛന്‍ സംയുക്തയെ ഫോണില്‍ വിളിച്ചിരുന്നു..പറഞ്ഞത് ഒറ്റ കാര്യം മാത്രം”

“അവന്‍ അലസനാണ്..ജീവിതത്തില്‍ കാര്യമായ അടുക്കും ചിട്ടയും ഇല്ലാത്തവനാണ്..മോള് വേണം ഇനി”..

മഴയില്‍ നനഞ്ഞു കൊണ്ടാണ് അവര്‍ ഇരുവരും സ്‌നേഹിച്ചത്. മഴ തീരാറായപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു, സ്‌നേഹത്തിന്‍ പെരുമഴ തങ്ങള്‍ക്ക് ചുറ്റും തണുത്ത കാറ്റ് പോല്‍ വീശുന്നുണ്ടെന്ന്. പുതുമഴ പെരുകി പതിയെ പെരുമഴയായ പോലെ ആയിരുന്നു അത്..

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2002 നവംബര്‍ 21ന് സംയുക്ത വര്‍മ..അടുപ്പക്കാരുടെ ചിന്നു..ബിജു മേനോന്റെ ജീവിതസഖിയായി മഠത്തില്‍പറമ്പ് വീടിന്റെ ഉമ്മറം കടന്ന് വന്നപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും പൂവണിഞ്ഞത് ആ അച്ഛന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്ന് കൂടിയാണ്

വിവാഹത്തോട് അനുബന്ധിച്ച് നല്‍കിയ ഒരു അഭിമുഖ സംഭാഷണത്തില്‍ ബിജു മേനോന്‍ പറഞ്ഞ ഒരു ചെറിയ സംഭാഷണ ശകലം എനിക്കിപ്പോഴും ഓര്‍മയുണ്ട് (അന്ന് ഞാന്‍ ചെറിയ ചെക്കനാണ്..പക്ഷേ അന്ന് മനസ്സില്‍ കോറിയിട്ട ആ വാചകങ്ങള്‍ മാത്രം എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട്)

അതിന്റെ രത്‌നചുരുക്കം ഏതാണ്ട് ഇങ്ങനെ വരും

“എന്റെ ജീവിതത്തില്‍ സംയുക്ത വന്നത് കൊണ്ട് ഒരുപക്ഷേ എനിക്ക് കൂടുതല്‍ അടുക്കും ചിട്ടയും കൈവരുമെന്നോ എന്റെ സ്വതസിദ്ധമായ മറവി ഇല്ലാതാകുമെന്നോ എനിക്കുണ്ടെന്ന് പൊതുവേ എല്ലാവരും പറയപ്പെടുന്ന അലസത ഇല്ലാതാകുമെന്നോ അറിയില്ല..പക്ഷേ ഒരു കാര്യം ഉറപ്പാണ്..ആരും മോഹിച്ചു പോകുന്നൊരു നന്മ ആ കുട്ടിയില്‍ ഉണ്ട്..ഞാന്‍ അവളില്‍ കണ്ടതും സ്‌നേഹിച്ചതും അതാണ്..അത് മാത്രമാണ്”

നബി : നടി ഊര്‍മിള ഉണ്ണിയുടെ മകളും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷന് വന്ന സംയുക്ത വര്‍മയുടെ സര്‍പ്പസൗന്ദര്യം കണ്ട് ഭ്രമം തോന്നിയ..

Read more

ബിജു മേനോന്റെ സൗഭാഗ്യം കണ്ട് കുശുമ്പ് തോന്നിയ..ഇരുവരുടെയും ദാമ്പത്യവല്ലരി കണ്ട് ഒരേ സമയം ആനന്ദം തോന്നിയ..ചേതോവികാരത്തിന്‍ പുറത്ത് കുറിക്കുന്ന കുറിപ്പ്…