ജീവിതത്തിലേക്ക് പുതിയ അതിഥി, പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് വിഷ്ണു വിശാല്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ജീവിതത്തിലേക്ക് പുതിയ കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവച്ച് തമിഴ് നടന്‍ വിഷ്ണു വിശാല്‍. തനിക്കും ഭാര്യ ജ്വാല ഗുട്ടയ്ക്കും പെണ്‍കുഞ്ഞ് പിറന്നതായുളള വിവരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഷ്ണു വിശാല്‍ അറിയിച്ചത്. ഇരുവരുടെയും നാലാം വിവാഹ വാര്‍ഷിക ദിനത്തിലാണ് കുഞ്ഞ് ജനിക്കുന്നത്. ഇത് തനിക്ക് ഇരട്ടി സന്തോഷമുണ്ടാക്കുന്നുവെന്നും താരം ഇന്‍സ്റ്റയില്‍ കുറിച്ചു. “ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ആര്യന്‍ മൂത്ത ചേട്ടനായി. ഇന്ന് ഞങ്ങളുടെ നാലാം വിവാഹ വാര്‍ഷിക ദിനം കൂടിയാണ്. ഇതേദിവസം തന്നെ ഞങ്ങള്‍ക്ക് അമൂല്യമായ സമ്മാനം കൂടി ദൈവം തന്നിരിക്കുന്നു”, വിഷ്ണു വിശാല്‍ കുറിച്ചു.

ആദ്യ ഭാര്യ രഞ്ജിനി നട്രാജുമായി വേര്‍പിരിഞ്ഞ ശേഷമാണ് വിഷ്ണു വിശാലിന്റെ രണ്ടാം വിവാഹം നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2021 എപ്രില്‍ മാസമായിരുന്നു പ്രശസ്ത ബാഡ്മിന്റണ്‍ താരം കൂടിയായ ജ്വാല ഗുട്ടയുമായുളള വിഷ്ണു വിശാലിന്റെ വിവാഹം. ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. 2011ല്‍ ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദുമായി ജ്വാല വേര്‍പിരിഞ്ഞിരുന്നു.

Read more

തമിഴില്‍ ഇപ്പോഴും സജീവമാണ് വിഷ്ണു വിശാല്‍. ഒരിടവേളയ്ക്ക് ശേഷം രാക്ഷസന്‍ എന്ന ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായത് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായിരുന്നു. തമിഴ്‌നാടിന് പുറമെ കേരളത്തിലും ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. എഫ്‌ഐആര്‍, ഗാട്ട ഗുസ്തി, ലാല്‍ സലാം തുടങ്ങിയവയാണ് നടന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമകള്‍.