വിഷു റിലീസുകളായി സൂപ്പർതാരങ്ങളുടേതടക്കം നിരവധി സിനിമകളാണ് തിയേറ്ററിൽ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ബസൂക്ക, ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാന, ബേസിൽ ജോസഫ് നായകനായെത്തിയ മരണമാസ്സ് എന്നീ സിനിമകളാണ് കഴിഞ്ഞ ദിവസം റിലീസായത്. ഇവയോടൊപ്പം അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയും തിയേറ്ററുകളിൽ എത്തിയിരുന്നു.
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന സിനിമയായിരുന്നു ബസൂക്ക. മമ്മൂട്ടി-ഡീനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’യ്ക്ക് ഗംഭീര പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടും ഇപ്പോൾ വന്നിട്ടുണ്ട്. ആദ്യദിനം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 3. 25 കോടി രൂപ നേടിയതായാണ് ട്രാക്കർമാരായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. സിനിമയ്ക്ക് 1. 50 കോടിയാണ് ചിത്രം കേരളത്തിൽ നിന്നും അഡ്വാൻസ് ബുക്കിങ്ങിലൂടെ കളക്ഷൻ ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആലപ്പുഴ ജിംഖാന തിയേറ്ററിലെത്തിയത്. ആദ്യ ദിനം തന്നെ ആ പ്രതീക്ഷ നിലനിർത്താൻ ചിത്രത്തിന് സാധിച്ചു എന്നാണ് ബോക്‌സോഫീസ് ട്രാക്കർമാർ പറയുന്നത്. ചിത്രം ആദ്യദിനത്തിൽ 2. 75 കോടി രൂപ ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് കളക്ഷൻ നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്നും 1. 45 കോടിയാണ് ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ചത്.
പൊന്മാൻ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനായെത്തിയ ചിത്രമാണ് മരണമാസ്സ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത സിനിമ ബസൂക്കയ്ക്കും, ആലപ്പുഴ ജിംഖാനയ്ക്കും ഒപ്പം ക്ലാഷ് റിലീസായാണ് എത്തിയതെങ്കിലും സിനിമയും മികച്ച കളക്ഷൻ നേടിയതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ആദ്യദിനത്തിൽ 1.1 കോടി ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയതായാണ് സാക്നിൽകിൻറെ റിപ്പോർട്ട്. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കിയത്. ടോവിനോ തോമസ് ആണ് ചിത്രത്തിന്റെ നിർമാണം.
അതേസമയം, അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ആദിക് രവിചന്ദ്രൻ ‘ഗുഡ് ബാഡ് അഗ്ലി’ യിലൂടെ ഒരുക്കിയിരിക്കുന്നത്. വൻ ഹൈപ്പോടെ എത്തിയ വിടാമുയർച്ചിക്ക് ബോക്സ് ഓഫീസിൽ തിരിച്ചടി നേരിട്ടെങ്കിലും ‘ഗുഡ് ബാഡ് അഗ്ലി’ ആ ക്ഷീണം തീർത്തു എന്നു വ്യക്തമാകുന്ന കളക്ഷൻ കണക്കുകളാണ് എത്തുന്നത്. ചിത്രം ആദ്യദിനം കേരളത്തിൽ നിന്നും 75 ലക്ഷം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.
ബസൂക്ക, മരണമാസ്സ്, ആലപ്പുഴ ജിംഖാന എന്നീ സിനിമയ്ക്കൊപ്പം എത്തിയതുകൊണ്ട് തന്നെ ലിമിറ്റഡ് സ്ക്രീനുകൾ നിന്നും ഇത്രയും കളക്ഷൻ സിനിമയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത് വലിയ നേട്ടം തന്നെയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. പ്രേക്ഷകരിൽ ആവേശമുണർത്തുന്ന ടൈറ്റിൽ കാർഡ് മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും നൽകി കൊണ്ടാണ് സിനിമ എത്തിയിരിക്കുന്നത്. എന്നാൽ സിനിമയിൽ ലോജിക്ക് നോക്കരുതെന്ന നിർദേശവും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. രണ്ടാം ദിവസം തൊട്ട് സിനിമയ്ക്ക് കളക്ഷൻ വർധിക്കും എന്നും പറയുന്നുണ്ട്. അതേസമയം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 28. 50 കോടി നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തിയത്.