രസകരമായ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍്. അനുഭവക്കുറിപ്പിലെ ആളാരാണെന്ന് അദ്ദേഹം പറയുന്നില്ലെങ്കിലും പിന്നില്‍ നിന്നുള്ള ആ ചിത്രത്തില്‍ നിന്നും ് മനസ്സിലാകും. മമ്മൂട്ടിയുമായുള്ള രസകരമായ ഒരു സംഭാഷണമാണ് ശ്രീരാമന്‍ കുറിക്കുന്നത്.
കുറിപ്പ് ഇങ്ങനെ:
ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടന്‍ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു.
ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതു കൊണ്ട് പിന്നില്‍ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യന്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാനദൃഷ്ടിയാല്‍ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാന്‍ ശ്രമിച്ചു.ഞാന്‍ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാന്‍ പറ്റീല്ല. ന്നാലും വെറുതെ വിടാന്‍ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ചു.
‘ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിന്‍ഫോറസ്റ്റിന്റെ ഇക്കോളജിക്കല്‍ ബാലന്‍സ്‌പോവില്ലെ?’
ആ ചോദ്യത്തിലെ എന്റെ ജ്ഞാനപ്പെരുമ കേട്ട് ഞ്ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാല്‍ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു. ചെളിപ്പറ്റുള്ള മണ്ണാണ്‍ഡാ.കോണ്‍ക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലന്‍സുപോയി മലര്‍ന്നു വീഴും.
‘എന്നാല്‍ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു..’
എന്തു വഴി?
‘തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടല്‍കാടു വെച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തില്‍ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം’
ഏതു പാട്ട്?
‘ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ’
അത് ഫിമെയ്ല്‍ വോയ്‌സല്ലേ?
‘ഡ്യുവെറ്റായും കേട്ടിട്ടുണ്ട്’
ഉത്തരം ഒന്നുമുണ്ടായില്ല. അപ്പാേള്‍ ഞാന്‍ ചോദിച്ചു.
‘എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള് ചിന്തിക്കണത്?’
ഏത് നാശം പിടിച്ച നേരത്താണ് ഞാന്‍ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു. അത്രയും പറഞ്ഞ് അല്പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടര്‍ന്നു.
സൂര്‍ത്തുക്കളേ
ഇതങ്ങേരല്ലെ
ഇങ്ങേരല്ലെ
ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്.
ഇയ്ക്ക് ആളെ നിശ്ശല്ല.
ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല.
സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ.