സര്‍ക്കാര്‍ എന്തിനാണ് ഒരു കോടിയിലേറെ രൂപ ചിലവിട്ടത്? ഇത് നീതി നിഷേധം.. സിനിമയിലെ സ്ത്രീകള്‍ക്കായി ഇടപെടണം: ഡബ്ല്യൂസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സര്‍ക്കാരിനെയും സിനിമാ സംഘടനകളെയും രൂക്ഷമായി വിമര്‍ശിച്ച് ഡബ്ലൂസിസി. റിപ്പോര്‍ട്ട് പുറത്തുവരുന്നത് വൈകാനിടയാക്കുന്നത് കൊടിയ നീതി നിഷേധമാണ്. സംസ്ഥാന സര്‍ക്കാര്‍ അതിനായി ഒരു കോടിയിലേറെ രൂപ ചിലവിട്ടിട്ടുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നു എന്ന് എല്ലാവര്‍ക്കും ഓര്‍മ്മ ഉണ്ടായിരിക്കണം. നീതിപൂര്‍ണമായ തൊഴിലിടം ഉറപ്പുവരുത്താന്‍ സര്‍ക്കാറില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുന്ന സ്ത്രീ സമൂഹത്തിനായി അടിയന്തരമായി ഇടപെടണം എന്നാണ് ഡബ്ല്യൂസിസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ആവശ്യപ്പെടുന്നത്.

ഡബ്ല്യൂസിസി പങ്കുവച്ച കുറിപ്പ്:

വയനാടിന്റെ ദുരന്തം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്ന് നമ്മള്‍ ഇനിയും മുക്തരായിട്ടില്ല. അതിനിടയിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നതിനെതിരെ ഒരു പ്രൊഡ്യൂസര്‍ നല്‍കിയ സ്റ്റേ വീണ്ടും അടുത്ത മാസം ആറാം തീയതി വരെ നീട്ടിയത്. സമാനതകളിലാത്ത ഈ ദുരിത സാഹചര്യത്തിലാണെങ്കിലും ഇതേ കുറിച്ച് ചിലത് പറയാതിരിക്കാനാവില്ല. നിയമം ഉണ്ട് എന്നത് സ്ത്രീയ്ക്ക് നീതി കിട്ടും എന്നതിന്റെ ഉറപ്പല്ല. നീതിക്കായുള്ള പോരാട്ടം പിന്നെയും ഒരു വലിയ കടമ്പയാണ്. സിനിമയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് ഇരട്ടി ദൂരം സഞ്ചരിക്കലാണ്. നീതി കിട്ടുന്നു എന്ന പ്രതീതി മാത്രമാണ് അവര്‍ക്കായി ബാക്കി നില്‍ക്കുന്നത്.

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് വരുന്ന ഡിസംബറില്‍ അഞ്ചു വര്‍ഷം തികയും. റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരാനോ അത് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനോ കേരളത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനായി മുന്നിട്ടിറങ്ങാന്‍ സര്‍ക്കാറോ സിനിമയില്‍ ആധിപത്യം വഹിക്കുന്ന സംഘടനകളോ തയാറുമല്ല. സിനിമയിലെ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ കേരളം എന്തു വലിയ പരാജയമാണ് എന്ന് ഈ കാത്തിരുപ്പ് ഓര്‍മിപ്പിക്കുന്നു. നീതിശൂന്യമായ ഈ കാത്തിരിപ്പിന് ഒരു പരിഹാരമായാണ് ആരുടെയും സ്വകാര്യത ലംഘിക്കാത്ത രീതിയില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.

അന്യായങ്ങള്‍ ചെയ്തവരെ അത് സുരക്ഷിതരാക്കി നിര്‍ത്തുന്നു. എന്നാല്‍ അത് പോലും നിയമക്കുരുക്കിലേക്ക് കൊണ്ടു പോയി, റിപ്പോര്‍ട്ട് പുറത്തു വരുന്നത് തടഞ്ഞു നിര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ നിയമക്കുരുക്ക് സിനിമയിലെ മുഴുവന്‍ സ്ത്രീകള്‍ക്ക് മേലും പതിച്ച നീതി നിഷേധത്തിന്റെ കുരുക്കാണ്. അതില്‍ നിന്നും പുറത്തുകടന്ന് സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം സര്‍ക്കാറിനാണ്. ഈ കുരുക്കഴിക്കുക എന്നത് ഡബ്യുസിസിയുടെ മാത്രം കാര്യമാണ് എന്ന മട്ടില്‍ മൗനം പൂണ്ടിരിക്കുകയാണ് സിനിമയിലെ സംഘടനകള്‍. അവര്‍ക്കും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമാണുള്ളത്. സിനിമയിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരെയും തങ്ങളുടെ കുടക്കീഴില്‍ അണിനിരത്തിയിട്ടുള്ള ഈ സംഘടനാ സംവിധാനങ്ങള്‍ ഈ വിഷയത്തില്‍ എടുത്തിരിക്കുന്ന മൗനം അന്യായമാണ്.

സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണത്. സിനിമ നിയമവിധേയമായ ഒരു പ്രവര്‍ത്തന മണ്ഡലമായി മാറ്റിയെടുക്കാന്‍ ഈ സംഘടനകളുടെ നിഷേധാത്മക നിലപാട് ഇന്നൊരു തടസ്സമാണ്. അവരത് മാറ്റിയേ തീരൂ. റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇക്കാലമത്രയും കൈക്കൊണ്ട നിലപാടുകള്‍ തീര്‍ത്തും നിഷേധാത്മകമാണ്. വിവരാവകാശ കമ്മീഷന്‍ അത് പുറത്തു കൊണ്ടുവരുവാന്‍ ഉത്തരവിട്ടപ്പോഴും അത് ഉറപ്പു വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയിട്ടില്ല. അത് സ്റ്റേ ചെയ്യുന്നതിലേക്ക് എത്തിയപ്പോഴും അത് നീക്കം ചെയ്യാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടായിട്ടില്ല.

അത് ഞങ്ങളുടെ കാര്യമല്ല, കോടതിക്കാര്യമാണ് എന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ എടുത്തതായി കാണുന്നത്. സര്‍ക്കാര്‍ ഈ നിലപാട് തിരുത്തണം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു കൊണ്ടു വരികയും അതിന്മേല്‍ നടപടികള്‍ ഉണ്ടാവുകയും വേണം. അത് വൈകാനിടയാക്കുന്നത് കൊടിയ നീതി നിഷേധമാണ്. ഭരണഘടന അനുശാസിക്കുന്ന നീതിനിര്‍വഹണത്തിലെ ലംഘനമാണ്. ഞങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഈ അന്വേഷണങ്ങള്‍ അത്രയും നടന്നത്. സംസ്ഥാന സര്‍ക്കാര്‍ അതിനായി ഒരു കോടിയിലേറെ രൂപ ചിലവിട്ടിട്ടുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നു എന്ന് എല്ലാവര്‍ക്കും ഓര്‍മകള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. അത് പാഴായിപ്പോകാതിരിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റപ്പെടേണ്ടതുണ്ട്. നീതിപൂര്‍ണമായ തൊഴിലിടം ഉറപ്പുവരുത്താന്‍ സര്‍ക്കാറില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുന്ന സ്ത്രീ സമൂഹത്തിനായി അടിയന്തരമായി ഇടപെടേണ്ടതുണ്ട് എന്ന് ഡബ്ല്യുസിസി ആവശ്യപ്പെടുന്നു.

Latest Stories

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്