രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ. എസ്. എസ്) നൂറുവർഷത്തെ ചരിത്രം വെബ് സീരീസായി പുറത്തുവരുന്നു. നാഷണൽ അവാർഡ് ജേതാക്കളായ ആറ് സംവിധായകർ ചേർന്നാണ് സീരീസ് ഒരുക്കുന്നത്. ‘വൺ നാഷൻ’ എന്നാണ് വെബ് സീരീസിന് പേരിട്ടിരിക്കുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.
പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നിഹോത്രി, ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മഞ്ജു ബോറാ, സഞ്ജയ് പുരാൻ സിംഗ് ചൌഹാൻ എന്നിവർ ചേർന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.
“ഇന്ത്യയെ ഒറ്റ രാഷ്ട്രമാക്കി നിലനിർത്താൻ കഷ്ടപ്പെട്ട, ഇന്ത്യൻ ചരിത്രത്തിൽ പറയപ്പെടാതെ പോയ ഹീറോകളെയും മറന്നു കളഞ്ഞ നൂറ് വർഷത്തെ ചരിത്രത്തയുമാണ് ‘വൺ നാഷൻ’ എന്ന വെബ് സീരീസിലൂടെ അവതരിപ്പിക്കുന്നത്.” പ്രസ് മീറ്റിൽ വിവേക് അഗ്നിഹോത്രി പറഞ്ഞു.
2025 ൽ നൂറു വർഷം പൂർത്തിയാക്കുകയാണ് ബി. ജെ. പിയുടെ പോഷക സംഘടനയായ ആർ. എസ്. എസ്. അതുകൊണ്ട് തന്നെ സംഘടന നൂറു വർഷം തികയ്ക്കുന്ന വർഷമോ അതിനു മുൻപോ സീരീസ് പ്രദർശിപ്പിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിഷ്ണു വർദ്ധൻ ഇന്ദുരി, ഹിതേഷ് താക്കർ എന്നിവർ ചേർന്നാണ് വെബ് സീരീസ് പ്രൊഡ്യൂസ് ചെയ്യുന്നത്.