അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യുപിഎ ഭരണകാലത്ത് പെട്രോള്‍ വിലയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ഇരുവരും ഇപ്പോള്‍ നിശബ്ദരായിരിക്കുന്നു എന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
‘2012ല്‍ വാഹനം വാങ്ങാം എന്നാല്‍ പെട്രോളും ഡീസലും വാങ്ങാന്‍ വായ്പ വേണമെന്ന് ഇന്ധന വിലവര്‍ധനയ്ക്കെതിരെ ഈ അഭിനേതാക്കള്‍ ട്വീറ്റ് ചെയ്തിരുന്നു. അക്കാലത്ത് എല്‍പിജി സിലിണ്ടറിന് 300-400 രൂപയായിരുന്നു വില, പെട്രോളിനും ഡീസലിനും ലിറ്ററിന് 60 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്‍പിജി സിലിണ്ടറുകളുടെ വില 1000 രൂപയിലധികവും പെട്രോള്‍-ഡീസല്‍ 100-120 രൂപയുമാണ്. ഈ അവസ്ഥയില്‍ ഇരുവരും ഒരക്ഷരം പോലും മിണ്ടുന്നില്ല’, പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ പിസി ശര്‍മ പിടിഐയോട് പറഞ്ഞു.
എന്നാല്‍ ബിജെപി നേതാവ് വിശ്വാസ് സാരംഗ് ഈ നടപടി ദൗര്‍ഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്. ‘ബച്ചന്‍ ആ പാര്‍ട്ടിയില്‍ നിന്നുള്ള ലോക്സഭാ എംപിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് പ്രശംസിക്കാറുണ്ടായിയുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ കോണ്‍ഗ്രസിന് ബച്ചനെ ഇഷ്ടമല്ല’, സാരംഗ് പറഞ്ഞു.